വെള്ളം ശരീരത്തിന് മാത്രമല്ല, മനസ്സിനും മരുന്നാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുന്നത് മാനസിക സമ്മർദ്ദം വർധിപ്പിക്കുമെന്ന് ലിവർപൂളിലെ ജോൺ മൂർസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ദിവസം ആവശ്യത്തിന് വെള്ളം കുടിക്കാത്തവർക്ക് സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കൂടുതലായി ഉണ്ടാകുന്നതായി കണ്ടെത്തി. ഏഴ് ദിവസത്തെ പരീക്ഷണത്തിൽ വെള്ളം കുറച്ച് കുടിച്ച ഗ്രൂപ്പിലുള്ളവരിൽ ഹൃദയമിടിപ്പ് വർധിച്ചതും ആശങ്ക കൂടിയതുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോർട്ടിസോളിന്റെ അളവ് കൂടുതലാകുന്നത് ഹൃദ്രോഗം, വൃക്ക പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങി ഗുരുതര രോഗങ്ങൾക്ക് കാരണമാകാമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകി. ദാഹം തോന്നാത്തതിനുപോലും ശരീരം നിർജലാവസ്ഥയിൽ ആകാമെന്നും അതിനാൽ ദിവസവും 6–8 ഗ്ലാസ് വെള്ളം കുടിക്കാൻ വിദഗ്ധർ നിർദേശിക്കുന്നു.സമ്മർദ്ദം കുറയ്ക്കാൻ ഉറക്കം, വ്യായാമം, പോഷകാഹാരം എന്നിവയ്ക്കൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യം പഠനം വീണ്ടും ഓർമ്മിപ്പിക്കുന്നു.