വടകര: പിണറായി സർക്കാർ, പോലീസ് സ്റ്റേഷനുകൾ ഗുണ്ടകളുടെ വിഹാര കേന്ദ്രമാക്കി മാറ്റി. പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പില്‍ എംപി. പോലീസ് മര്‍ദനത്തിനെതിരെ വടകരയില്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിനംപ്രതി കേരളത്തിലാകെ പോലീസ് അതിക്രമത്തെ പറ്റിയുള്ള വാര്‍ത്തകള്‍ വരുമ്പോഴും അതിനെപ്പറ്റി ഒന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി പോലീസിലെ ഗുണ്ടായിസത്തിനുള്ള മൗനസമ്മതം ആണ് നല്‍കുന്നതെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്തിനെതിരെ അതിക്രമം കാട്ടിയ പോലീസുകാരെ മുഴുവന്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നത് വരെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കയ്യുംകെട്ടി നില്‍ക്കില്ലെന്നും സമരപരമ്പര തന്നെ ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അതിന്റെ തുടക്കം മാത്രമാണ് ഈ പ്രതിഷേധ സദസ്സുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധ സദസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ചു. കെ.പി കരുണന്‍, കരിമ്പനപ്പാലം ശശിധരന്‍, പി.സി.ഷീബ, ബവിത്ത് മലോല്‍, മുരളി തിരുവള്ളൂര്‍, വി.കെ.പ്രേമന്‍, പി.ടി.കെ.നജ്മല്‍, സുധീഷ് വള്ളില്‍, പുറന്തോടത്ത് സുകുമാരന്‍, പി.എസ്.രഞ്ജിത്ത് കുമാര്‍, സി.പി. ബിജു പ്രസാദ്, നാസര്‍ മീത്തല്‍, പി.അശോകന്‍, പി.പി.കമറുദ്ദീന്‍, നല്ലാടത്ത് രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.