മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപി. പോലീസിനെ ‘തനി ഗുണ്ടായിസം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പിണറായി വിജയനെ ‘കേരളത്തിന്റെ മുഖ്യ ഗുണ്ട’ എന്ന് വിളിച്ചു. കസ്റ്റഡിയിൽ നടന്ന മർദനങ്ങളെത്തുടർന്നാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
പോലീസിലെ ഗുണ്ടകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നത് മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. ‘കൊടി സുനിമാരാണ്’ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതിന് പകരം ക്രിമിനലുകളും ഗുണ്ടകളുമാണ് പോലീസിൽ പ്രാധാന്യം നേടുന്നതെന്നും, ഇത് സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഒത്താശയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ജനമൈത്രി പോലീസ്’ ഇപ്പോൾ ‘ഗുണ്ടാമൈത്രി പോലീസ്’ ആയി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
പോലീസുകാരുടെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത്, ഗുണ്ടായിസത്തിനുള്ള അംഗീകാരമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസ് നിശ്ശബ്ദരായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുത്തഴിഞ്ഞ അവസ്ഥയിലായ ആഭ്യന്തര വകുപ്പിന് കാരണം കഴിവില്ലായ്മയല്ലെന്നും, മറിച്ച് ഗുണ്ടകൾ നിയന്ത്രണം ഏറ്റെടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടകളായ പോലീസുകാർക്ക് ആഭ്യന്തര മന്ത്രി പ്രൊമോഷൻ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാർക്ക് നൽകുന്ന ശമ്പളം ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണെന്നും, ഈ ഗുണ്ടാപ്രവർത്തനങ്ങൾ തുടർന്നാൽ കോൺഗ്രസ് പ്രവർത്തകർ വെറുതെയിരിക്കില്ലെന്നും ഷാഫി പറമ്പിൽ മുന്നറിയിപ്പ് നൽകി.