ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും. പദ്ധതി നടപ്പാക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നല്‍കണം. ആദ്യ ഘട്ടമായി 20 ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴിയാകും മദ്യ കുപ്പികൾ ശേഖരിക്കുക. കുപ്പി ഒന്നിന് 20 രൂപ വീതം ലഭിക്കും. മദ്യം വാങ്ങുമ്പോൾ ഡെപ്പോസിറ്റായി നൽകുന്ന തുകയാണ് തിരികെ നൽകുന്നത്. ഇന്നു മുതലാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സ്വീകരിക്കുക.
ആദ്യ ഘട്ടത്തിൽ 20 ഔട്ട്‌ലെറ്റുകൾ വഴിയാണ് കുപ്പികൾ സ്വീകരിക്കുക. ഇതിൽ 10 എണ്ണം തിരുവനന്തപുരം ജില്ലയിലും 10 എണ്ണം കണ്ണൂർ ജില്ലയിലുമാണ്. പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിയാകും ബെവ്‌കോയിൽ നിന്നും ശേഖരിച്ചു സംസ്കരിക്കുക. പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യ കുപ്പികൾ ശേഖരിക്കാൻ സർക്കാർ തീരുമാനമെടുത്തത്. കൂടാതെ 800 രൂപയിൽ കൂടുതലുള്ള മദ്യത്തിന് ചില്ല് കുപ്പികൾ മതിയെന്നും തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഒഴിഞ്ഞ മദ്യ കുപ്പികളുടെ ശേഖരണം സെപ്റ്റംബർ 10 മുതൽ ആരംഭിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചിരുന്നത്.
സി ഡിറ്റിന്റെ സഹായത്തോടെ തയാറാക്കിയ ലേബൽ വെച്ചാണ് കുപ്പി തിരിച്ചറിയുകയെന്ന് ബെവ്‌കോ എം ഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ജനുവരി 1 മുതൽ 300 ഓളം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും പദ്ധതി നടപ്പിലാക്കും. ഇതിന്‍റെ ആദ്യ ഘട്ടമായാണ് 20 ഔട്ട്‌ലെറ്റുകളിൽ ട്രയൽ നടത്തുന്നത്. 20 ലക്ഷത്തോളം പ്ലാസ്റ്റിക് കുപ്പിയിലെ മദ്യബ്രാന്‍ഡുകള്‍ കച്ചവടം നടക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകളെയാണ് ട്രയൽ റണ്ണിനായി തിരഞ്ഞെടുത്തിട്ടുണ്ട്. കുപ്പി തിരികെ നൽകുമ്പോൾ ബില്‍ നിർബന്ധമില്ല. കുപ്പി ശേഖരിക്കാൻ പ്രത്യേകം കൗണ്ടർ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങളാകും ഈ കൗണ്ടറിലുണ്ടാവുക.