കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ സദസ്സ് ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. മുരളീധരൻ തൊറോത്ത് അധ്യക്ഷത വഹിച്ചു. സുജിത്തിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നത് വരെ കോൺഗ്രസ് പ്രതിഷേധം തുടരുമെന്നും ഇത്തരം സമാനസ്വഭാവമുള്ള പോലീസ്കാർ കോഴിക്കോട് ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിൽ ഉണ്ടെന്നും അവർ നിയമപരിധി വിട്ട് പ്രവർത്തിക്കുകയാണെങ്കിൽ നിയമപരമായും അല്ലാതെയും കോൺഗ്രസ് കൈകാര്യം ചെയ്യുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത അഡ്വ. കെ പ്രവീൺ കുമാർ പറഞ്ഞു.
ഡിസിസി ജന സെക്രട്ടറി രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, വി ടി സുരേന്ദ്രൻ, പപ്പൻ മൂടാടി, രജീഷ് വെങ്ങളത്തുക്കണ്ടി, കിഴക്കയിൽ രാമകൃഷ്ണൻ, ഇടത്തിൽ ശിവൻ, ശശി ഊട്ടേരി, അരുൺ മണമൽ, വി പി പ്രമോദ്, ഷബീർ എളവനക്കണ്ടി, എം. കെ സായീഷ്, തൻഹീർ കൊല്ലം, വി.കെ ശോഭന, ശശി പാറോളി എന്നിവർ സംസാരിച്ചു.