കെ എം എസ് സി എൽ-ന്റെ കോഴിക്കോട് മരുന്നുസംഭരണശാല 10 വർഷമായി വാടക കെട്ടിടത്തിൽ; ഓരോ മാസവും ലക്ഷങ്ങൾ ചെലവായി പോകുന്നു.കോഴിക്കോട് നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള നടുവണ്ണൂരിനടുത്താണ് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ (KMSCL) മരുന്നുസംഭരണശാല പ്രവർത്തിക്കുന്നത്. പ്രതിമാസ വാടക – 6 ലക്ഷം രൂപ,10 വർഷത്തെ മൊത്തം വാടക – 7 കോടി രൂപക്കുമേൽ, വാഹന വാടക – ഏകദേശം 2 ലക്ഷം രൂപ മാസംതോറും
കോർപ്പറേഷന്റെ കണക്കുപ്രകാരം, സ്വന്തം കെട്ടിടം നിർമ്മിക്കാൻ വേണ്ടത് 5 കോടി രൂപ മാത്രം. എന്നാൽ ഇതിനേക്കാൾ കൂടുതലാണ് ഇതിനകം വാടകയായി ചെലവഴിച്ചത്.മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രി, കോട്ടപ്പറമ്പ് ആശുപത്രി തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്ക് മരുന്ന് എത്തിക്കാൻ ദിവസവും 30–40 കിലോമീറ്റർ യാത്ര നടത്തേണ്ടിവരുന്നത് അധിക ചെലവും സമയ നഷ്ടവും ഉണ്ടാക്കുന്നു.
ഭരണാനുമതിയും വാഗ്ദാനങ്ങളും ലഭിച്ചിട്ടും കോഴിക്കോട് ഗോഡൗണിനായി സ്വന്തം കെട്ടിട നിർമാണം ഇതുവരെ നടന്നിട്ടില്ല. കോട്ടയം, ആലപ്പുഴ ജില്ലകളിൽ പുതിയ ഗോഡൗണുകളുടെ നിർമാണം തുടങ്ങിയിട്ടും, കോഴിക്കോട് മാത്രം നടപടി ഇഴഞ്ഞു നീങ്ങുകയാണ്.അസൗകര്യങ്ങൾക്കും കോടികൾ നഷ്ടപ്പെടുന്നതിനും ഉത്തരവാദികൾ ആരെന്ന് വ്യക്തമാക്കേണ്ടത് KMSCL ഉം ആരോഗ്യവകുപ്പുമാണെന്നാണ് പൊതുജനാഭിപ്രായം .