ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദയത്തെ സംരക്ഷിക്കുന്നതിന് നിർണായകമാണ്. ഹൃദ്രോഗങ്ങൾ തടയുന്നതിലും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഭക്ഷണത്തിന്റെ പങ്ക് വലുതാണ്. പ്രത്യേകിച്ച് ചുവപ്പ് നിറത്തിലുള്ള ചില ഭക്ഷണങ്ങൾ ഹൃദയത്തിന് ഗുണകരമെന്നതാണ് വിദഗ്ധരുടെ നിരീക്ഷണം.
ബീറ്റ്റൂട്ട്
നൈട്രേറ്റ് സമൃദ്ധമായ ബീറ്റ്റൂട്ട് രക്തക്കുഴലുകളെ ശമിപ്പിച്ച് രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഫോളേറ്റ്, ഫൈബർ, പൊട്ടാസ്യം എന്നിവയും ഹൃദയാരോഗ്യത്തിന് സഹായകരമാണ്.
ആപ്പിൾ
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയ്ഡുകളും ക്യുവർസെറ്റിനും ഇൻഫ്ലമേഷൻ കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. സോല്യുബിള്‍ ഫൈബർ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് സ്‌ട്രോക്ക്, ഹൈപ്പർടെൻഷൻ എന്നിവ തടയുന്നതിനും സഹായിക്കുന്നു.
തക്കാളി
തക്കാളിയിൽ കാണപ്പെടുന്ന ലൈക്കോപ്പീൻ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. പ്ലാക് അടിഞ്ഞുകൂടുന്നത് തടയുകയും രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നു.
സ്‌ട്രോബെറി
സ്‌ട്രോബെറിയിലെ വൈറ്റമിൻ C, പോളിഫിനോളുകൾ, ആന്തോസയാനിനുകൾ എന്നിവ ഹൃദയത്തിന് ഗുണം ചെയ്യും. ഇൻഫ്ലമേഷൻ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്ന ഇവ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
മുന്തിരി
കുരുവുള്ള മുന്തിരി തെരഞ്ഞെടുക്കുന്നത് ഹൃദയാരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും. മുന്തിരിയിൽ അടങ്ങിയ റെസ്വെറാട്രോൾ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ധമനികളുടെ ആന്തരപാളിയെ സംരക്ഷിക്കുകയും ചെയ്യുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഡയറ്റിൽ ഈ ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങൾ സ്ഥിരമായി ഉൾപ്പെടുത്തുന്നത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായകരമാണ്.