ഇന്ന് അധ്യാപക ദിനം അക കണ്ണിൻ്റെ വെളിച്ചത്തിൽ സമൂഹത്തിന് മാതൃകയായി കാഴ്ച പരിമിതിയുള്ള ഒരു പ്രധാന അധ്യാപകൻ

/

കൊടുവള്ളി: പിറന്നു വീഴുന്നതിന് മൂന്നു മാസം മുമ്പെ പിതാവിനെ നഷ്ടമായ ആ കുഞ്ഞ്, പിന്നീട് കാഴ്ച മങ്ങിയ കണ്ണുകളോടെയാണ് ലോകത്തെ നോക്കി കണ്ടത്. അവൻ്റെ ജ്യേഷ്ഠസഹോദരി റസിയാബിയ്ക്കാവട്ടെ ജൻമനാ കാഴ്ചയില്ലായിരുന്നു. കാഴ്ചക്കുറവിൽ പരിതപിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നതിനിടെ 14-ാം വയസ്സിൽ ഗ്ലോക്കോമ ബാധിച്ച് ആ കുട്ടിയുടെ കാഴ്ചശക്തി പൂർണമായും നഷ്ടമായി. ‘കണ്ണുകാണാത്ത ഇവരെ പഠിപ്പിച്ചിട്ട് എന്ത് കിട്ടാനാണ്.’എന്ന് ചോദിച്ച പലരുടെയും കുത്തുവാക്കുകളെ അവഗണിച്ച് സുബൈദ മക്കളെ അറിവിൻ്റെ ലോകത്തേക്ക് നയിച്ചു. ദുർവിധിയിൽ മനംനൊന്ത് ജീവിക്കാനല്ല, മറിച്ച് വിധിയെ തോൽപ്പിച്ച് മുന്നേറാനായിരുന്നു കാഴ്ചയില്ലാത്ത ആ സഹോദരങ്ങളുടെയും തീരുമാനം.
അധ്യാപകരാവുകയെന്ന സ്വപ്നം ഒടുവിൽ സാക്ഷാത്കരിച്ച് അവർ തളരാത്ത ഇച്ഛാശക്തിയുടെ പ്രതീകമായി.

ചെറിയ പരിമിതികളുടെയും പ്രതിസന്ധികളുടെയും പേരിൽ ജീവിതത്തെ പഴിച്ച് സ്വയം നശിക്കുന്നവരേറെയുള്ള ഇന്നത്തെ സമൂഹത്തിന് നല്ല മാതൃകകളായ ഇവരിൽ സഹോദരൻ്റെ പേര് മുഹമ്മദ് മുസ്തഫ എന്നാണ്. കാഴ്ച ശക്തിയില്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തിൽ ഒരു വിദ്യാലയം നിയന്ത്രിക്കുന്ന ഈ പ്രധാനാധ്യാപകൻ്റെ പ്രത്യേകത ഒരു ‘മാഷ്‌’ എന്ന വിവക്ഷയിലോ സ്കൂളിൻ്റെ ചുറ്റുവട്ടത്തിലോ മാത്രം ഒതുങ്ങുന്നതല്ല. മീഞ്ചന്ത ജിവിഎച്ച്എസ്എസിൽ അധ്യാപകനായിരിക്കെ നല്ലളത്തെ അൽ ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റി പ്രവാസി വിഭാഗത്തിന്റെ പിന്തുണയോടെ ‘സ്‌നേഹപൂർവം’ പദ്ധതിയിൽ വിദ്യാർഥികൾക്കായി 13 വീടുകൾ നിർമിച്ചുനൽകിയ, സ്‌കൂൾ വെൽഫെയർ കമ്മിറ്റി മുഖേന നിർധനരായ 43 പേർക്ക് മാസാന്ത പഠന സ്‌കോളർഷിപ്പും
നിത്യച്ചെലവിനുള്ള സാമ്പത്തിക സഹായവും ഒരുക്കിയ, കാഴ്ചപരിമിതരെ കോഴിക്കോട് മലബാർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സ്വയംതൊഴിലിൻ്റെ സ്വാശയത്തിലേക്ക് കൈപിടിച്ചുയർത്തുന്ന,നല്ലളം അൽ ഇഹ്‌സാൻ സംഘടനയുടെ സഹായത്തോടെ നിർധനർക്ക് പ്രതിമാസ കിറ്റും ഒമ്പത് കിടപ്പു രോഗികൾക്ക് പ്രതിമാസ പെൻഷനും നൽകുന്ന, തന്നെ പോലെ കാഴ്ചയില്ലാത്തവർക്ക് ബ്രെയിൻ ലിപി സാക്ഷരതയും സ്വയം നടക്കാനുള്ള പരിശീലനവും നൽകുന്ന ഈ സഹജീവി സ്നേഹി, കാഴ്ച നഷ്ടപ്പെട്ട 38 പേർക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്തി വിവാഹം നടത്തി കൊടുക്കുന്നതിലും മുന്നിൽ നിന്നയാളാണ്. ഇതിന് പുറമെ
പിതാവ് നഷ്ടപ്പെട്ട 57 കുടുംബങ്ങൾക്ക് പ്രവാസി സന്നദ്ധ സംഘടനയുടെ സഹായത്തോടെ അദ്ദേഹം സംരക്ഷണവും നൽകി വരുന്നു.

2012 ൽ സംസ്ഥാന സർക്കാർ സാമൂഹികനീതി വകുപ്പിന്റെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം, 2012 ലെ മാതൃഭൂമി- വികെസി നന്മയുടെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർ അവാർഡ്, 2014 ൽ മികച്ച സാമൂഹിക പ്രവർത്തകനുള്ള ബാഫഖി തങ്ങൾ അവാർഡ്, 2015 ൽ ലയൺസ് ക്ലബ് ഓഫ് ഇന്റർനാഷണണലിന്റെ മികച്ച സാമൂഹിക സേവകനുള്ള അവാർഡ്,
2015 ൽ മികച്ച അധ്യാപകനുള്ള
പ്രേംനസീർ സ്മാരക സമിതി പുരസ്‌കാരം….. എന്നിങ്ങനെ തേടി വന്ന ഈ അംഗീകാരങ്ങളെല്ലാം കാഴ്ചയുടെ ലോകം അന്യമായിട്ടും തളരാത്ത ഈ അധ്യാപകൻ്റെ മികവിനുള്ള സാക്ഷ്യപത്രങ്ങളായിരുന്നു
.
കഴിഞ്ഞ 25 വർഷത്തോളം കോഴിക്കോട് മീഞ്ചന്ത ജിവിഎച്ച്എസ് എസിൽ സാമൂഹികശാസ്ത്ര അധ്യാപകനായിരുന്ന ഇദ്ദേഹം ജൂൺ മാസത്തിലാണ് സ്ഥാനക്കയറ്റം ലഭിച്ച് കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രധാനാധ്യാപകനായി ചുമതലയേൽക്കുന്നത്. കാഴ്ചശക്തി ഉണ്ടോ എന്ന് വരെ മറ്റുള്ളവർ സംശയിച്ചു പോകുന്ന തരത്തിലാണ് ഇദ്ദേഹത്തിൻ്റെ സജീവ ഇടപെടലുകൾ.

ഓരോ അംഗീകാരങ്ങളെയും ഉത്തരവാദിത്തങ്ങളെയും പുതിയ സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്യാനുള്ള ഊർജ്ജമായാണ് അദ്ദേഹം കണക്കാക്കുന്നത്.അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് സംസ്ഥാന ജനറൽ സെക്രട്ടറി, നല്ലളം തോട്ടുങ്ങൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, നല്ലളം തൃപ്തി റസിഡൻറ്‌സ് അസോസിയേഷൻ പ്രസിഡന്റ്, രാമനാട്ടുകര ജാമിയ മഹിരിയ്യാ ഇസ്ലാമിക് കോളേജ് പിടിഎ പ്രസിഡന്റ്, നല്ലളം അൽ ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എന്നീ നിലകളിലും മുഹമ്മദ് മുസ്തഫ പ്രവർത്തിക്കുന്നുണ്ട്. കാഴ്ച പരിമിതർക്ക് സഹതാപമല്ല
വേണ്ടതെന്നും മറിച്ച് സമൂഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

പരിമിതികൾ മനുഷ്യസ്നേഹത്തിനും സഹാനുഭൂതിക്കും തടസ്സമില്ലെന്ന് തെളിയിക്കുകയാണ് കോഴിക്കോട് നല്ലളം ചേനംകുഴിപറമ്പ് പരേതനായ പുറക്കോട്ട് അഹമ്മദ് കോയയുടെയും മുതിരക്കാലയിൽ സുബൈദയുടെയും ഈ മകൻ. സഹോദരി റസിയാബി കോഴിക്കോട് കൊളത്തറ വികലാംഗ വിദ്യാലയത്തിൽ അധ്യാപികയാണ്.
മുസ്തഫയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഭാര്യ സുഹറയും മക്കളായ മുഹമ്മദ് അസ്ലം, മുഹമ്മദ് അദീബ്, മുഹമ്മദ് ആരിഫ് എന്നിവരും ഒപ്പം ഉണ്ട്.

Leave a Reply

Your email address will not be published.

Previous Story

എലത്തൂർ കോരപ്പുഴയിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പയ്യോളി സ്വദേശി മരണപ്പെട്ടു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

Latest from Literature

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ്

സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ

തീരദേശത്തെ മനുഷ്യരെ ചേർത്തു പിടിക്കണം – കെപി നൗഷാദ് അലി

ഒമ്പത് ജില്ലകളിലായി പടർന്ന് കിടക്കുന്ന 590 കിലോമീറ്റർ തീരദേശം കേരളത്തിന്റെ നാഗരികതയെ രൂപപ്പെടുത്തിയതിലെ അടിസ്ഥാന ഘടകമാണ്. നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും വാണിജ്യ –

പ്രവാചകനെ മാതൃകയാക്കുക, സ്വഭാവ ഗുണമുള്ള വ്യക്തികളാവുക

പരിശുദ്ധ പ്രവാചകൻ ഏറ്റവും നല്ല സ്വഭാവ ഗുണമുള്ള വ്യക്തിയായിരുന്നു. ശത്രുക്കൾ പോലും അത് അംഗീകരിച്ചിരുന്നു. നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല