കൊടുങ്ങല്ലൂർ : ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രൂപ്പ് വില്ലേജ് ഓഫീസിനായി 30 സെന്റ് സ്ഥലം അനുവദിച്ച പൊന്നാംപടിക്കൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഹാജറയ്ക്കും മക്കൾക്കും സംസ്ഥാന സർക്കാരിന്റെ പേരിൽ നന്ദി മന്ത്രി അറിയിച്ചു. 30 സെന്റിൽ സ്മാർട്ട് വില്ലേജ് ഓഫീസ് മാത്രമല്ല, കയ്പമംഗലം നിയോജകമണ്ഡലത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ ഭരണാനുമതി സെപ്റ്റംബറിൽ തന്നെ നൽകി നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
റവന്യൂ വകുപ്പ് സ്മാർട്ട് ആക്കുന്നതിനായി എല്ലാവർക്കും ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാർഡ് പോലുള്ള ഡിജിറ്റൽ റവന്യൂ കാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഇതോടെ റവന്യൂ സംബന്ധമായ സേവനങ്ങൾക്കായി ഓഫീസുകളിൽ നേരിട്ട് എത്തേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എസ്. പ്രിൻസ്, സി.കെ. ഗിരിജ, എം.എസ്. മോഹനൻ, കെ.പി. രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.