ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാം പാപ്പാനായ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ (53) ആണ് മരിച്ചത്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദൻ എന്ന ആനയാണ് അക്രമാസക്തനായത്. ആനയുടെ രണ്ടാം പാപ്പാൻ സുനിൽ കുമാറിനും ഗുരുതര പരിക്കേറ്റു.
കഴിഞ്ഞ മാർച്ച് മുതൽ മദപ്പാടിലായിരുന്ന ആനയെ, ഡോക്ടർമാരുടെ നിർദേശമനുസരിച്ച് മദകാലം കഴിഞ്ഞിട്ടും ഒരു മാസം വൈകിയാണ് അഴിച്ചുവിട്ടത്. ചങ്ങല അഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആന അക്രമാസക്തനായത്. ആനയെ റോഡിലേക്ക് ഇറക്കി നടത്തുന്നതിനിടെ പുറത്തുണ്ടായിരുന്ന സുനിൽ കുമാറിനെ തുമ്പിക്കൈകൊണ്ട് താഴെയിടുകയും ചവിട്ടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളയ്ക്കാൻ സമീപത്തെ ക്ഷേത്രങ്ങളിൽനിന്ന് മുരളീധരൻ നായർ ഉൾപ്പെടെ കൂടുതൽ പാപ്പാന്മാർ സ്ഥലത്തെത്തി. ആനത്തറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്കന്ദൻ വീണ്ടും അക്രമാസക്തനാവുകയും മുകളിലിരുന്ന മുരളീധരനെ കുലുക്കി താഴെയിട്ട് കുത്തുകയുമായിരുന്നു.
ഗുരുതര പരിക്കുകളോടെ മുരളീധരനെ തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11ഓടെ മരണം സംഭവിച്ചു. ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറെ പരിശ്രമങ്ങൾക്കുശേഷമാണ് ആനയെ തളയ്ക്കാനും വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ മയക്കുമരുന്ന് കുത്തിവച്ച് ശാന്തനാക്കാനും കഴിഞ്ഞത്.