കേരളം രാജ്യത്തിന് മാതൃകയാണ്. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി പ്രധാന മേഖലകളിലെല്ലാം കേരളം രാജ്യത്ത് ഒന്നാമതാണ്. ഈ സ്ഥിതി തുടരാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്നും ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഫറോക്ക് ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിൽ മാത്രം കിഫ്ബി വഴി 10,000 കോടി രൂപ ചെലവഴിക്കാനാണ് സർക്കാർ നിശ്ചയിച്ചത്. ഇതിൻ്റെ ഒരു ചെറിയ ഭാഗം – 23.5 കോടി ചെലവഴിച്ചാണ് താലൂക്ക് ആശുപത്രി പുതിയ കെട്ടിടം നിർമ്മിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനങ്ങൾക്ക് ഉപകരിക്കുന്ന ആശുപത്രിയാണ് ഫറോക്ക് താലൂക്ക് ആശുപത്രിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാറിന്റെ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസന നയത്തിന്റെ ഭാഗമാണ് കേരളത്തിലെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വികസന പദ്ധതികൾ. വികസനത്തിന്റെ സ്വാദ് എല്ലാ ജനവിഭാഗങ്ങൾക്കും രുചിക്കാനാകണം എന്നതാണ് സർക്കാർ നയം. സർവതല സ്പർശിയായ വികസനത്തിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്. ഇതിൻറെ ഫലമായി പ്രധാന മേഖലകളിലെല്ലാം കേരളം രാജ്യത്തിൻ്റെ നെറുകയിലാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ വിവിധ സൂചികകളിലും മികച്ച സ്ഥാനത്താണ് സംസ്ഥാനം ഇന്ന്. സംസ്ഥാനത്തെ 226 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ എൻക്യുഎഎസ് അംഗീകാരം നേടാനായതുൾപ്പെടെ പല മേഖലയിലും സംസ്ഥാനം ഒന്നാമതാണ്. ഇത് തുടരാനും കൂടുതൽ ഉയരത്തിലേക്ക് സഞ്ചരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകം പകച്ചുനിന്ന പല പകർച്ചവ്യാധി ഘട്ടങ്ങളിലും കേരളത്തിന് പതറാതെ പിടിച്ചു നിൽക്കാനായി. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ കാര്യത്തിലും കാര്യമായ ജാഗ്രതയോടെ നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയും ഇന്നുമായി സംസ്ഥാനത്തെ എല്ലാ കിണറുകളും ക്ലോറിനേറ്റ് ചെയ്യുകയാണ്. വീട്ടിലെ കിണറുകളും വാട്ടർ ടാങ്കുകളുൾപ്പെടെ എല്ലാ ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുന്നതിൽ എല്ലാവരും മുൻകൈയ്യെടുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
രാജ്യത്ത് സൗജന്യചികിത്സയ്ക്ക് ഏറ്റവുമധികം പണംചിലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ ആര്‍ദ്രം പദ്ധതി വഴി സ്ഥാപിക്കുകയാണ്. 97 ആശുപത്രികളില്‍ യാഥാര്‍ത്ഥ്യമാക്കി. സംസ്ഥാനത്തെ 28 ആശുപത്രികളിൽ കീമോ അടക്കം നൽകിക്കൊണ്ട് ക്യാൻസർ ചികിത്സ വിജയകരമായി നൽകിവരുന്നു. 40-45 ലക്ഷം രൂപ ആവശ്യമായി വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ ആശുപത്രികളിൽ 2024 മുതൽ സൗജന്യമായ ചെയ്തു നൽകാനായത് ഒട്ടേറെ പേർക്ക് ആശ്വാസരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രി ഉൾപ്പെടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് പേരാമ്പ്ര, ബാലുശ്ശേരി, കുറ്റ്യാടി, വടകര ആശുപത്രികളെല്ലാം അത്യാധുനിക സൗകര്യങ്ങളോടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രി കൊയിലാണ്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലാ ആശുപത്രികളിലും ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയകൾ നടന്നു വരുന്നു. ഇടുക്കിയിലൊഴികെ എല്ലാ ജില്ലകളിലും സർക്കാർ ആശുപത്രികളിൽ കാത് ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. 2024 ഫെബ്രുവരി നാല് മുതൽ മാർച്ച് 28 വരെ ജനകീയ ക്യാൻസർ സ്ക്രീനിങ് ക്യാമ്പയിൻ വഴി 15 ലക്ഷം സ്ത്രീകളാണ് ക്യാൻസർ പരിശോധന നടത്തിയത്. സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ ചൊവ്വാഴ്ചയും വെൽനസ് ക്ലിനിക്ക് പ്രവർത്തിക്കുന്നതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവൻ എം പി, രാമനാട്ടുകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ വി എം പുഷ്‌പ, ഫറോക്ക് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ എൻ സി അബ്ദുൾ റസാക്ക്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി അനുഷ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ഷൈലജ ടീച്ചർ, ഹെൽത്ത് സർവ്വീസ് ഡയറക്ടർ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി, കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ, ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി, ഫറോക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ലാലു ജോൺ, വാപ്കോസ് പ്രൊജക്റ്റ് ഡയറക്‌റ്റർ കെ പി എസ് ത്യാഗി, ബേപ്പൂർ മുൻ എംഎൽഎ വി കെ സി മമ്മത് കോയ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു..