ബഹുമാനപ്പെട്ട മുഖ്യമന്ത്രി, 
ദേശീയപാത 66 അഴിയൂർ മുതൽ വെങ്ങളം വരെ ഗതാഗതം പാടെ താറുമാറായിട്ട് വർഷം മൂന്ന് കഴിയാറായി. പതിനായിരക്കണക്കിൽ യാത്രക്കാർ ദിനംപ്രതി അനുഭവിക്കുന്ന ക്ലേശങ്ങൾ താങ്കൾക്ക് അറിയാമല്ലൊ? പതിവായി കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്ന ഞാൻ വീട്ടിൽ നിന്ന് കഷ്ടി 60 കി. മീറ്റർ ദൂരമുള്ള കോഴിക്കോട് എത്താൻ 3 മണിക്കൂർ 15 മിനുട്ടാണ് ചെലവഴിച്ചത്. കുണ്ടും കുഴിയും ചെളിയും വെള്ളവും നിറഞ്ഞ സർവീസ് റോഡിലൂടെയുള്ള യാത്ര എത്ര ദുഷ്ക്കരമാണ്. വിലപ്പെട്ട സമയം നഷ്ടപ്പെടുന്നതോടൊപ്പം ഇന്ധന നഷ്ടവും റിപ്പയർ ചെലവുമാണ് ഓരോ വാഹന ഉടമയും സഹിക്കേണ്ടി വരുന്നത്. മാനസിക പിരിമുറുക്കം സഹിക്കാതെ ഈ നിരത്തിലൂടെ യാത്ര അസാധ്യം. ഉപരിതല ഗതാഗത വകുപ്പും കേരള പൊതുമരാമത്തുവകുപ്പും ഇക്കാര്യത്തിൽ ജാഗ്രതയോടെ ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണം എന്ന ആവശ്യം ഉന്നയിക്കപ്പെടാത്ത ഇടമില്ല. ഒന്നിനും പരിഹാരം ഇല്ലെന്ന് കണ്ട് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികളെല്ലാം പ്രത്യക്ഷ പ്രക്ഷോഭ രംഗത്ത് നിറഞ്ഞു നിന്നു. നിരവധി പ്രതിഷേധ പരിപാടികളിൽ എനിക്കും പങ്കെടുക്കേണ്ടി വന്നു.
പ്രശ്നങ്ങൾ എത്ര മാത്രം സങ്കീർണ്ണമാണെന്ന് താങ്കൾക്ക് നന്നായി അറിയുന്നതല്ലെ. ദേശീയപാത നിർമ്മാണം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൂട്ടായി നിർവ്വഹിക്കുകയാണെന്ന് പല തവണ ഭരണാധികാരികൾ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ 25% ചെലവ് സംസ്ഥാന സർക്കാർ വഹിക്കുന്നു. ഇതിനകം 5700 കോടി രൂപ ഇതിനായി സംസ്ഥാനം ചെലവഴിച്ചുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഈ പദ്ധതി പൂർത്തിയാക്കാൻ ഭാരിച്ച ചെലവു വരുത്തിയതിൻ്റെ ഉത്തരവാദിത്വം താങ്കൾക്കും താങ്കളുടെ പാർട്ടിക്കും തന്നെയല്ലെ. പദ്ധതി വേണ്ടേ വേണ്ട എന്ന മുറവിളിയുമായി പ്രക്ഷോഭം സംഘടിപ്പിച്ചപ്പോൾ 40 വർഷമാണ് പദ്ധതി കോൾഡ് സ്റ്റോറേജിൽ വെക്കേണ്ടി വന്നത്. എതിർപ്പുകളെ വകവെക്കാതെ ധീരമായി പദ്ധതി നടപ്പാക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാട്ടിയ നിശ്ചയ ദാർഢ്യം മറക്കാൻ കഴിയുമോ.
സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് കേന്ദ്ര ഉപരിതല മന്ത്രാലയവുമായി നിരന്തരമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടത്. നിർമ്മാണം പാടെ സ്തംഭനാവസ്ഥയിലെത്തി. ജനങ്ങൾ പ്രക്ഷുബ്ധരായി രംഗത്ത് വന്നപ്പോൾ ഞങ്ങൾക്ക് ഒന്നും അറിയില്ല എന്ന നിലപാട് എത്ര മാത്രം അപഹാസ്യമാണ്.
ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയും താങ്കളും തമ്മിലുള്ള സുദൃഢ സൗഹൃദം എന്തുകൊണ്ട് പ്രശ്നം പരിഹരിക്കാൻ ഫലപ്രദമായി താങ്കൾ ഉപയോഗപ്പെടുത്തുന്നില്ല. ഇത് തീർത്തും നിരുത്തരവാദപരവും ജനവിരുദ്ധവുമായ നിലപാടാണ്.
എൻ.എച്ച്. 66 അഴിയൂർ മുതൽ കണ്ണൂർ നടാൽ വരെയുള്ള പാതയുടെ നിർമ്മാണം എത്ര ദ്രുതഗതിയിൽ കുറ്റമറ്റ രീതിയിലാണ് പൂർത്തിയാക്കിയത്. താങ്കളുടെ നിയോജക മണ്ഡലമായ ധർമ്മടത്തിലൂടെയാണ് 90 ശതമാനം പാത കടന്നുപോകുന്നത് എന്നത് കൊണ്ടാണോ ഇത്. എത്ര മനോഹരമായ സർവ്വീസ് റോഡുകൾ, ഇടവിട്ട് ഇടവിട്ട് അടിപ്പാതകൾ. തലപ്പാടി മുതൽ കേരളത്തിലെ ഇതര ഭാഗങ്ങളിലെ ജനങ്ങൾ രണ്ടാം തരം പൗരന്മാരാണോ മുഖ്യമന്ത്രി ? ദേശീയ പാത 66 തികച്ചും ആശാസ്ത്രീയമായാണ് നിർമ്മിക്കപ്പെട്ടതെന്ന് ഏറ്റവും ഒടുവിൽ നടന്ന വിദഗ്ദ സംഘത്തിൻ്റെ പഠന റിപ്പോർട്ടും കൃത്യമായി രേഖപ്പെടുത്തുന്നു. നിർമ്മാണ വൈകല്യത്തെക്കുറിച്ച് അറിയാത്തവർ ആരാണുള്ളത്. നിർമ്മാണ കമ്പനികളുടെ കുറ്റകരമായ അലംഭാവവും വീഴ്ചയും എത്ര തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പദ്ധതിയുടെ നിർമ്മാണം തുടങ്ങുമ്പോൾ തന്നെ മുൻഗണന നൽകി പൂർത്തിയാക്കേണ്ടത് സർവ്വീസ് റോഡുകൾ ആയിരുന്നു എന്ന് വിദഗ്ദർ എല്ലാം ചൂണ്ടിക്കാട്ടിയതല്ലെ. കുറ്റമറ്റ സർവ്വീസ് റോഡുകൾ നിർമ്മിച്ചിരുന്നു എങ്കിൽ എത്ര വിലപ്പെട്ട ജീവനുകൾ രക്ഷപ്പെടുത്താമായിരുന്നു.
അഴിയൂർ മുതൽ വെങ്ങളം വരെയുള്ള 41 കി.മീറ്റർ പാത നിർമ്മാണം അഡാനി എഞ്ചിനിയറിങ്ങ് ലിമിറ്റഡ് കമ്പനിക്കാണ് നൽകിയത് എന്ന് അഡാനിയെ അറിയാവുന്ന താങ്കൾക്ക് ബോധ്യമാണല്ലോ. 41 കി.മീറ്റർ നിർമ്മിക്കാൻ 1838 കോടി രൂപയ്ക്കാണ് അഡാനി എഞ്ചിനിയറിങ്ങ് ലിമിറ്റഡ് കമ്പനിക്ക് കരാർ നൽകിയത്.
പ്രധാനമായും നാലു വ്യവസ്ഥകളാണ് കരാറിലുള്ളത്. 
1. സമയ ബന്ധിതമായി നിർമ്മാണം പൂർത്തിയാക്കണം 2. ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദർ ജോലി പൂർത്തിയാക്കണം. 3. ലോക നിലവാരമുള്ള പാത ആയിരിക്കണം. . 4. വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ ഉടനടി റദ്ദു ചെയ്യും. ഇതിൽ ഏത് വ്യവസ്ഥയാണ് പാലിക്കപ്പെട്ടിട്ടുള്ളത്. ഒന്നും പാലിക്കപ്പെട്ടില്ല. 
അവസാനം ഈ പദ്ധതി കേവലം ഒരു തട്ടിക്കൂട്ട് കമ്പനി മാത്രമെന്ന് ഇതിനകം തെളിയിക്കപ്പെട്ട വഗാഡ് എന്ന ഗുജറാത്ത് കമ്പനിക്ക് മറിച്ചു കൊടുക്കുകയല്ലെ ചെയ്തത്.
1838 കോടിയുടെ അഴിയൂർ വെങ്ങളം 41 കി. മീററർ റോഡ് നിർമ്മാണം വഗാഡ് കമ്പനിക്ക് മറിച്ചു കൊടുത്തപ്പോൾ അഡാനിക്ക് ലഭിച്ചത് 100 കോടി എന്ന വാർത്തകൾ താങ്കളുടെ ശ്രദ്ധയിലും പെട്ടു കാണമല്ലോ. ഇതിൻ്റെ പേരാണ് ഹൈവേ റോബറി അഥവ ഹൈവേ കൊള്ള എന്ന് പറയപ്പെടുന്നത്. 
വളരെ പ്രധാനപ്പെട്ട ഒരു പരിസ്ഥിതി പ്രശ്നം താങ്കൾ സൗകര്യ പൂർവ്വം മറന്നു കഴിഞ്ഞു. പതിനായിരക്കണക്കിൽ വൃക്ഷങ്ങളാണ് തലപ്പാടി മുതൽ കന്യാകുമാരി അതിർത്തി വരെ വെട്ടി വീഴ്ത്തിയത്. എത്ര മാത്രം സസ്യ ജീവജാലങ്ങളാണ് നശിച്ചത്. വടകര പുതിയ ബസ് സ്റ്റാൻ്റിനോട് തൊട്ട് പാതയുടെ ഓരത്തുള്ള വൻമരം മുറിച്ചു വീഴ്ത്തിയപ്പോൾ, കൂടുകൾ തകർന്ന് നിലംപതിച്ച പക്ഷിക്കുഞ്ഞുങ്ങളുടെ നിലവിളി, ഹൃദയ സ്പൃക്കായി ഒരു വനിതാ ലേഖിക റിപ്പോർട്ട് ചെയ്തത് ഓർക്കുന്നു. വെട്ടിമാറ്റപ്പെട്ട വൃക്ഷങ്ങൾക്ക് പകരമായി മരങ്ങൾ വെച്ച് പിടിപ്പിക്കാൻ എന്ത് നടപടി സ്വീകരിച്ചു. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വാങ്ങാതെ, മണ്ണിൻ്റെ ഘടന പരിശോധിക്കാതെ കുന്നുകൾ ഇടിച്ചു നിരപ്പാക്കി, സോയിൽ നെയിലിങ്ങ് ടെക്നോളജിയിലൂടെ നിർമ്മാണം നടത്താൻ ആരാണ് അനുമതി നൽകിയത്. ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുക്കേണ്ടെ? ഇക്കാര്യത്തിൽ ദേശീയ ഹൈവേ അതോറിറ്റിയും പൊതു മരാമത്ത് വകുപ്പും എന്ത് നിർദ്ദേശം നൽകി. കുറ്റകരമായ അലംഭാവമല്ലേ ഇത്.
ഗൗതം അദാനിയെ ഭയക്കുന്ന ഭരണകൂടങ്ങൾ. മുട്ടു വിറച്ചു നില്കുന്ന ഉദ്യോഗസ്ഥർ. വല്ലാത്ത വിഷമവൃത്തത്തിലാണ് ജനങ്ങൾ. ഞങ്ങൾക്ക് വേണ്ടത് സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണ്. അത് ഉറപ്പുവരുത്താൻ സത്വര നടപടികളാണ് താങ്കൾ സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രി, താങ്കൾ ഉറങ്ങുകയാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. താങ്കൾ ഉറക്കം നടിക്കുകയാണ്. ഉദാസീനതയും അലംഭാവവും വെടിഞ്ഞ് ഇനിയെങ്കിലും ജനങ്ങളോട് നീതി കാട്ടുക.
– മുല്ലപ്പള്ളി രാമചന്ദ്രൻ
 







