ഓണത്തോടനുബന്ധിച്ച വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷിത ബോട്ട് സര്‍വ്വീസ് ഒരുക്കുന്നതിന് എല്ലാ ബോട്ടുകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബേപ്പൂര്‍ പോര്‍ട്ട് ഓഫ് രജിസ്ട്രി അറിയിച്ചു.
ബോട്ടുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍, സാധുവായ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വ്വേ സര്‍ട്ടിഫിക്കറ്റ് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, നിയമാനുസൃത രേഖകള്‍ എന്നിവ ഇല്ലാതെ സര്‍വീസ് നടത്തുവാന്‍ പാടില്ല. നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ എല്ലാ യാത്രക്കാരും ധരിക്കണം. ബോട്ട് ഉടമയും ജീവനക്കാരും ഇക്കാര്യം ഉറപ്പുവരുത്തണം.
മതിയായ യോഗ്യതയുള്ള ജീവനക്കാര്‍ മാത്രമേ ജലയാനം പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളൂ. ഓരോ ജലയാനത്തിലും അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാന്‍ പാടുള്ളൂ. അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും സഞ്ചാരികള്‍ക്ക് കാണത്തക്കവിധം രേഖപ്പെടുത്തി പ്രദര്‍ശിപ്പിക്കണം. ഓരോ യാത്രയ്ക്കും മുന്‍പായി ജലവാഹനത്തിന്റ സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവ ഉറപ്പുവരുത്തണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ജലവാഹനങ്ങളുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മതിയായ സുരക്ഷ ഇല്ലാതെയും കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തുന്നതുമായ ജല വാഹനങ്ങളുടെ വിവരം 0495 – 2414039 (സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഓഫീസ് – കോഴിക്കോട്) നമ്പറില്‍ അറിയിക്കാം.