കോഴിക്കോട്: കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ജേതാക്കളായ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബ് (സിഎഫ്‌സി) പ്രശസ്ത അന്താരാഷ്ട്ര അര്‍ജന്റീന ഫുട്‌ബോള്‍ പരിശീലകന്‍ എവര്‍ അഡ്രിയാനോ ഡിമാള്‍ഡെയെ മുഖ്യപരിശീലകനായി നിയമിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍ ഞായറാഴ്ച (ഓഗസ്റ്റ് 31) വൈകുന്നേരം 5 മണിക്ക് കോഴിക്കോട്ടെത്തുന്ന ഡിമാള്‍ഡെയെ സിഎഫ്‌സി അധികൃതര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കും.
തെക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (CONMEBOL) അംഗീകൃത പിആര്‍ഒ ലൈസന്‍സുള്ള പരിശീലകനാണ് 38 കാരനായ ഡിമാള്‍ഡെ. പരിശീലകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ യോഗ്യതയുടെയും വൈദഗ്ധ്യത്തിന്റെയും തെളിവാണിത്. ബെര്‍ട്ട് വാന്‍ മാര്‍വിക്ക് പരിശീലകനായിരുന്നപ്പോള്‍ സൗദിഅറേബ്യന്‍ ദേശീയ ടീമിന്റെയും, മാര്‍സെലോ ബീല്‍സയുടെ കീഴില്‍ ഫ്രഞ്ച് ക്ലബ്ബ് മാഴ്‌സെയുടെയും സഹ പരിശീലകനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹെരേര എഫ്.സി, എഫ്.സി ഡില, ഇന്‍ഡിപെന്‍ഡെന്റേ റിവാഡാവിയ, ജിംനാസിയ വൈ ടിറോ, അല്‍ ഹിലാല്‍ യുണൈറ്റഡ് തുടങ്ങി നിരവധി ക്ലബ്ബുകളുടെയും മാനേജരായി പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. ഡിമാള്‍ഡെയുടെ പരിശീലനത്തില്‍ അല്‍ ഹിലാല്‍ യുണൈറ്റഡ് ലീഗില്‍ തുടര്‍ച്ചയായി പത്ത് വിജയങ്ങള്‍ നേടി റെക്കോര്‍ഡിട്ടു. ഡിമാല്‍ഡെയുടെ അന്താരാഷ്ട്ര പരിചയസമ്പത്തും, ആഗോള പ്രൊഫഷണല്‍ ഫുട്‌ബോളിലെ മികച്ച പ്രവര്‍ത്തന രീതികളും അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നുവെന്ന് സിഎഫ്‌സി സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍ പറഞ്ഞു. ആക്രമണാത്മക മുന്നേറ്റങ്ങളും പന്തടക്കം വഴി എതിരാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തന്ത്രങ്ങളും അദ്ദേഹത്തിന്റെ പ്രസിദ്ധമായ നീക്കങ്ങളാണ്. കിരീടം നിലനിര്‍ത്താനുള്ള സിഎഫ്‌സിയുടെ മുന്നേറ്റങ്ങള്‍ക്ക് അത് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ ലക്കത്തില്‍ തന്നെ വമ്പന്‍ ഹിറ്റായിക്കഴിഞ്ഞ സൂപ്പര്‍ ലീഗ് കേരളയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് എസ്എല്‍കെ രണ്ടാം സീസണ്‍ ആദ്യ മത്സരം നടക്കുന്നത്. പ്രാഥമിക റൗണ്ടുകളില്‍ മുപ്പത് മത്സരങ്ങള്‍ നടക്കും. ഓരോ ടീമും പത്ത് മത്സരങ്ങളില്‍ (അഞ്ചെണ്ണം സ്വന്തം ഹോം ഗ്രൗണ്ടിലും അഞ്ചെണ്ണം മറ്റ് ഗ്രൗണ്ടിലും) പങ്കെടുക്കും. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ പ്ലേ-ഓഫിലേക്ക് കടക്കും. കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ (സി.എഫ്.സി) ഹോം ഗ്രൗണ്ടാണ് ഇ.എം.എസ് സ്റ്റേഡിയം.