വിവരാവകാശ നിയമം വകുപ്പ് 4 (1), 4 (2)എന്നിവ നടപ്പാക്കപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ വടകര താലൂക്ക് ഓഫീസില്‍ പരിശോധന നടത്തി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ സ്വമേധയാ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതിന്റെയും വിവരാവകാശ നിയമം വകുപ്പ് നാലിന്റെയും പ്രാധാന്യം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അപ്പീല്‍ അധികാരിമാരെയും ബോധ്യപ്പെടുത്തി.
വിവരാവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി പൊതു അധികാരികള്‍ നിര്‍വഹിക്കേണ്ട കടമകളെ കുറിച്ച് പ്രതിപാദിക്കുന്നതാണ് വകുപ്പ് നാല്. വിവരങ്ങളും രേഖകളും പട്ടിക തിരിച്ചും സൂചിക തയ്യാറാക്കിയും കമ്പ്യൂട്ടറുകള്‍ വഴി ലഭ്യമാവുന്ന തരത്തില്‍ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ വടകര താലൂക്ക് ഓഫീസില്‍ പൂര്‍ണമായും അത്തരത്തില്‍ സൂക്ഷിച്ചതായി പരിശോധനയില്‍ കാണാന്‍ കഴിഞ്ഞില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു. പൗരാവകാശ രേഖയും പ്രസിദ്ധീകരിച്ചിട്ടില്ല. വകുപ്പ് 4 (1) ബി പ്രകാരമുള്ള 17 ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള രേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അവ വെബ്‌സൈറ്റിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ജനങ്ങള്‍ക്ക് സ്വമേധയാ ലഭിക്കാനുള്ള സൗകര്യം ഉണ്ടാക്കിയിട്ടില്ല. വിവരാവകാശ ഓഫീസര്‍മാരുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വിവരങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ക്രോഡീകരിച്ച് ക്രമീകരിച്ച് സൂക്ഷിക്കേണ്ടതാണ്. ഒരു മാസത്തിനുള്ളില്‍ ന്യൂനതകള്‍ പരിഹരിച്ച് കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. താലൂക്ക് സപ്ലൈ ഓഫീസിലും വടകര ആര്‍ടിഒ ഓഫീസിലും നടത്തിയ പരിശോധനയില്‍ വിവരാവകാശ അധികാരികളുടെ വ്യക്തമായ പേരുകള്‍ രേഖപെടുത്തിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. പരിശോധന വേളയില്‍ കമ്മീഷണറോട് മോശമായി പെരുമാറിയ ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം തേടും. പരിശോധന സമയത്ത് അപ്പീല്‍ അധികാരികളായ വടകര താലൂക്ക് തഹസില്‍ദാര്‍ പി രഞ്ജിത്, ഭൂരേഖ തഹസില്‍ദാര്‍ വര്‍ഗീസ് കുര്യന്‍ എന്നിവരും മറ്റ് ഒമ്പത് വിവരാവകാശ ഓഫീസര്‍മാരും സന്നിഹിതരായിരുന്നു.