സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം കാര്യാലയം, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ
എച്ച്.ഐ.വി/എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജാഗരൻ ക്യാമ്പയിനിൽ ആദിവാസി കലാരൂപങ്ങളുടെ അവതരണം ശ്രദ്ധേയമായി. നാട്ടുഗാനങ്ങൾ, കോൽക്കളി, അലാമിക്കളി തുടങ്ങി സമ്പ്രദായിക കലാപരിപാടികളിലൂടെ ആരോഗ്യബോധവൽക്കരണ സന്ദേശങ്ങൾ കൈമാറി. കൊയിലാണ്ടി ഹാപ്പിനസ് പാർക്കിൽ വച്ചായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വയനാട് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു കലാരൂപങ്ങൾ അവതരിപ്പിച്ചത്.
ആദിവാസി സമൂഹത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയും ആരോഗ്യ സന്ദേശം ജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്ത പരിപാടികൾ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം നടക്കുകയാണ്. ജില്ലാ കോർഡിനേറ്റർ ഡോ സംഗീത ജി കൈമൾ, നോഡൽ ഓഫീസർ ലിജോ ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫത്തിമത്ത് മാഷിത കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി റീജിയണൽ കോർഡിനേറ്റർ പ്രസൂബൻ ഇ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.