വയനാട്ടിലേക്കുള്ള അടിവാരം ലക്കിടി ചുരം റോഡിൽ സ്ഥിരമായി ഉണ്ടാവുന്ന മണ്ണിടിച്ചിൽ കാരണം ഗതാഗതം വഴിമുട്ടുന്ന സാഹചര്യത്തിൽ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡിനെ കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാകുന്നു. പാതയുടെ ആകെയുള്ള 28.83 കിലോമീറ്ററിൽ 12.940 കിലോമീറ്റർ നിക്ഷിപ്ത വനഭൂമിയാണ്. പേരാമ്പ്ര പെരുവണ്ണാമുഴി വനമേഖലയിൽ നിന്ന് ആരംഭിക്കുന്ന വനപാതയിലൂടെ നിക്ഷിപ്ത വനഭൂമിയിലൂടെ സഞ്ചരിച്ചാൽ വയനാട് പൂഴിത്തോട് എത്താം. പൂഴിത്തോടിനും പടിഞ്ഞാറത്തറക്കും ഇടയിലുള്ള വനമേഖലയിലാണ് റോഡ് നിർമ്മിക്കേണ്ടത്. എന്നാൽ ഈ റോഡ് നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയം അനുമതി തന്നിട്ടില്ല. ആനത്താരയുള്ള സ്ഥലമായതിനാലാണ് ഈ റോഡിന് അനുമതി നിഷേധിച്ചിരിക്കുന്നത്. റോഡ് നിർമ്മിക്കുമ്പോൾ നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരമായി ചങ്ങരോത്ത് ചക്കിട്ടപാറ പഞ്ചായത്തുകളിലായി പകരം ഭൂമി നൽകാൻ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ തന്നെ തീരുമാനിച്ചതാണ്. എന്നാൽ സാങ്കേതിക കാരണങ്ങൾ നിരത്തി ഇനിയും ഈ ബദൽ പാതയ്ക്ക് അനുമതി നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാരും വടകരയിൽ നിന്നുള്ള എം.പിമാരും നിരവധി തവണ ഈ വിഷയം കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. ചുരമില്ലാത്ത റോഡ് ആയിരിക്കും പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ്. വനമേഖലയിൽ ഈ അടുത്ത കാലത്ത് സർവ്വേ നടത്തിയിരുന്നു.
സ്ഥിരമായി മണ്ണിടിച്ചിൽ സാധ്യതയുള്ള താമരശ്ശേരി അടിവാരം പാത മഴക്കാലത്ത് ഗതാഗതത്തിന് ഒട്ടും അനുയോജ്യമല്ല. സ്ഥിരമായി അപകടങ്ങളും ഗതാഗത കുരുക്കും ഈ പാതയിൽ പതിവാണ്. അപകടം നിറഞ്ഞ ഹെയർപിൻ വളവുകളാണ് ഈ പാതയിൽ ഉള്ളത്. ഹെയർപിൻ വളവ് വയനാട്ടിലേക്കുള്ള സഞ്ചാരികൾക്ക് ഏറെ കൗതുകകരമാണെങ്കിലും സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് വലിയ ഗതാഗത തടസ്സമാണ് സൃഷ്ടിക്കുന്നത്. കർണാടകയിലേക്കുള്ള ചരക്ക് വാഹനനീക്കം പോലും എപ്പോഴും തടസ്സപ്പെട്ടു കിടക്കുകയാണ്. ഈ ഓണക്കാലത്ത് ബാംഗ്ലൂർ മൈസൂർ ഭാഗത്തുനിന്ന് നിരവധി പേരാണ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അവർക്കെല്ലാം തടസ്സമായി മാറുകയാണ് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്. ഇതൊക്കെ കാരണമാണ് പുതിയൊരു പാതയെ കുറിച്ച് ചർച്ച സജീവമാകുന്നത്.
പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമായാൽ കൊയിലാണ്ടി മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് അരിക്കുളം പേരാമ്പ്ര റോഡിലൂടെ പെരുവണ്ണാമൂഴിയിലെത്തി പടിഞ്ഞാറത്തറ റോഡ് വഴി മാനന്തവാടിയിലേക്ക് എത്താം. മൈസൂരിലേക്കുള്ള എളുപ്പപാത കൂടിയാണിത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന ദീർഘദൂര യാത്രക്കാർക്ക് വയനാട് ഭാഗത്തേക്ക് എത്താനുള്ള എളുപ്പ പാതയാണിത്.
1990ൽ മന്ത്രിസഭയുടെ അനുമതിയും 1992ൽ അനുബന്ധ പഠനവും പൂർത്തിയാക്കി 1994 സെപ്റ്റംബർ 21ന് ബദൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. പക്ഷേ പൂഴിത്തോട് ഭാഗത്തും പടിഞ്ഞാറത്തറ ഭാഗത്തും വനാതിർത്തി വരെ റോഡ് നിർമ്മാണം പൂർത്തിയാക്കിയതോടെ നിർമാണം വീണ്ടും നിലച്ചു. നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയിൽ 20.770 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 5.56 ഹെക്ടറും റവന്യൂ വകുപ്പ് ഏറ്റെടുത്ത് വിട്ടുനൽകിയിരുന്നു. എന്നിട്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതാണ് റോഡിന്റെ നിർമ്മാണം നിലയ്ക്കാൻ കാരണം.
പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻവച്ചത്. കഴിഞ്ഞ നവകേരള സദസ്സിൽ ഈ പാത യാഥാർഥ്യമാക്കേണ്ട ആവശ്യകതയെ കുറിച്ച് ചില നിർദേശങ്ങൾ വന്നു. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തന്നെ ഇക്കാര്യം പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം മറ്റ് വകുപ്പുകളുമായി ചേർന്ന് ഉദ്യോഗസ്ഥ തലത്തിൽ വനം ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ പ്രാഥമിക പരിശോധന നടത്തി. ആ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റോഡിന്റെ സാധ്യത പരിശോധിക്കുന്ന ഇൻവെസ്റ്റിഗേഷൻ നടപടികളിലേക്ക് കടക്കുന്നത്.