ലാബ് തുറക്കാനെത്തിയ യുവതിയെ പിറകിലൂടെയെത്തി കടന്നുപിടിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അതിവിദഗ്ധമായി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയെ ക്ലിനിക്കിനുള്ളിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ മുഹമ്മദ് ജാസിനെ അത്തോളി പൊലീസ് ഒരു ദിവസം നീണ്ട തിരച്ചിലിന് ഒടുവിൽ പിടികൂടി. ഇയാൾ സമാനമായ കുറ്റകൃത്യങ്ങളിൽ മുമ്പും ഏർപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.
ബഹളം കേട്ട് എത്തിയ നാട്ടുകാരും അക്രമിക്ക് പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല. ഇയാള്‍ കുറ്റകൃത്യം ചെയ്ത സമയത്ത് ധരിച്ചിരുന്ന വസ്ത്രം, തെളിവ് നശിപ്പിക്കുന്നതിനായി ഉള്ള്യേരി അങ്ങാടിക്ക് സമീപം ഉപേക്ഷിച്ചിരുന്നു. ഈ വസ്ത്രത്തില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി. സംഭവം നടന്ന ഉടനടി സ്ഥലത്ത് എത്തിയ അത്തോളി പൊലീസ് സിസിടിവി ദൃശ്യങ്ങൾ നിന്ന് അക്രമിയെ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി സ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ മുഹമ്മദ് ജാസിന്‍ ആണ് അക്രമിയെന്ന് വ്യക്തമായി.