കോരിച്ചൊരിയുന്ന മഴക്കാലത്തും പച്ചക്കറി കൃഷിയോ? സംശയം വേണ്ട, എളാട്ടേരി എരിയാരി മീത്തല്‍ ബാലകൃഷ്ണന്റെ കൃഷി ഫുൾ സക്സസ്. ബാലകൃഷ്ണൻ്റെ കൃഷിത്തോട്ടത്തില്‍ പച്ചക്കറി വിളവെടുപ്പിന് സജ്ജമാകുകയാണ്. വരുന്ന വെള്ളിയാഴ്ച ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബയും കൃഷി ഓഫിസർമാരും വിളവെടുപ്പിനുണ്ടാവും. വെളളരി, കക്കിരി, വെണ്ട, പയര്‍, പച്ചമുളക് എന്നിവയെല്ലാം വിളവെടുപ്പിന് പാകമാകുകയാണ്. ഓണ സീസണ്‍ മുന്‍ നിര്‍ത്തി നേരത്തെ തന്നെ ബാലകൃഷ്ണന്‍ കൃഷി ആരംഭിച്ചിരുന്നു. എന്നാല്‍ തോരാതെ നിന്ന മഴയെ അതിജീവിച്ചു കൃഷി ചെയ്യാന്‍ കുറച്ചൊക്കെ പാടുപ്പെട്ടു. എന്നാലും പിൻമാറിയില്ല.
എളാട്ടേരി തെക്കയില്‍ ഭഗവതി ക്ഷേത്രത്തിന് കുറച്ചകലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തിലാണ് ബാലകൃഷ്ണന്‍ പച്ചക്കറിയിറക്കിയത്. കൃഷിത്തോട്ടത്തിന് ചുറ്റും പൊന്തക്കാട് വളര്‍ന്നതിനാല്‍ മുള്ളന്‍പന്നിയുടെ ശല്യം ഉണ്ടായിരുന്നു. പോരാത്തതിന് അഥിതികളായെത്തിയ മൈലുകളും ചില്ലറ പ്രയാസങ്ങൾ ഒപ്പിച്ചു. മുള്ളന്‍പന്നിയെ നേരിടാന്‍ കൃഷിത്തോട്ടത്തിന് ചുറ്റും വേലിക്കെട്ടി തിരിച്ചു. ജൈവിക രീതിയിൽ അവയെ തുരത്താൻ ചെറിയ പൊടികൈകളും ഉണ്ട്. ഉണങ്ങിയ മീൻ കെട്ടി തൂക്കുകയാണ് അവയിലൊന്ന്.
മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ നനയ്ക്കാൻ വലിയ പ്രയാസമില്ല. മഴക്കാലത്ത് കൃഷിതടത്തില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കുകയാണ് വേണ്ടത്. നല്ല നീര്‍വാര്‍ച്ചയുളള മണ്ണായതിനാല്‍ വെളളം കെട്ടി നില്‍ക്കുന്ന അവസ്ഥ വന്നില്ലെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. കാട് പിടിച്ചു കിടന്ന പറമ്പ് കൃഷിയ്ക്ക് അനുയോജ്യമാക്കി മാറ്റിയത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ്. കുമ്മായമിട്ട് തടമൊരുക്കി രണ്ടാഴ്ച കഴിഞ്ഞപ്പോൾ അടിവളമായി കോഴിക്കാഷ്ഠവും ചാണകപ്പൊടിയും നല്‍കി. കോഴിക്കാഷ്ഠവും ചാണക വളവും മണ്ണില്‍ രണ്ടാഴ്ച കൊണ്ട് അലിഞ്ഞു ചേര്‍ന്നതോടെ അതിന് മുകളില്‍ മണ്ണ് കൂട്ടി വിത്തിട്ടു. വൈജയന്തി, കന്നിക്കുഴി പയര്‍ ഇനങ്ങള്‍, ആനകൊമ്പന്‍, അര്‍ക്ക, അനാമിക വെണ്ട, മുരിക്കോട് ലോക്കല്‍ ഇനം വെള്ളരി എന്നീ വിത്തുകളാണ് നട്ടത്. വെള്ളരിയും കക്കിരിയും കുമ്പളവുമെല്ലാം മണ്ണില്‍ പടരുന്ന പച്ചക്കറികളാണെങ്കിലും മഴക്കാലത്ത് മുകളിലോട്ട് പടര്‍ത്തുകയാണ് വേണ്ടത്. അല്ലെങ്കില്‍ ശക്തമായി മഴ പെയ്യുമ്പോള്‍ വള്ളികള്‍ ചീഞ്ഞു പോകും. ഇത് ഒഴിവാക്കാന്‍ മരച്ചില്ലകള്‍ താങ്ങായി കുഴിച്ചിട്ട് അതിന് മുകളിലേക്ക് വള്ളികള്‍ പടര്‍ത്തി. രണ്ടാഴ്ചക്കുള്ളില്‍ ഇവ കൃഷിയിടമാകെ പടരുമെന്നും മികച്ച വിളവ് ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ജൈവ കൃഷി രീതിയോട് ഏറെ അനുഭാവമുള്ള ബാലകൃഷ്ണന്‍ പറയുന്നു.
വേനല്‍ക്കാലത്ത് എല്ലാവരും കൃഷി ചെയ്യുന്ന വേളയില്‍ കൃഷി പണിക്ക് ബാലകൃഷ്ണന് സമയമുണ്ടാവില്ല. ക്ഷേത്രോത്സവ നാളുകളില്‍ അമ്പലങ്ങളില്‍ കതിന പൊട്ടിക്കുന്ന പണിയ്ക്ക് ബാലകൃഷ്ണന്‍ പോകാറുണ്ട്. അതുകൊണ്ട് തന്നെ മഴക്കാല പച്ചക്കറി കൃഷിയോടാണ് എന്നും താല്‍പ്പര്യം. വിവിധ സ്‌കൂളുകളില്‍ കുട്ടികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഇദ്ദേഹം വലിയ തോതില്‍ പച്ചക്കറി കൃഷി നടത്താറുണ്ട്. ഗ്രോ ബേഗുകളിലും അല്ലാതെയുമാണ് സ്‌കൂളുകളില്‍ കൃഷി. തന്റെ കൃഷിയിടത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍ക്ക് പ്രാദേശികമായി വിപണി കണ്ടെത്തുകയാണ് ചെയ്യുക. വിഷരഹിതമായ പച്ചക്കറിയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും അദ്ദേഹം പറയുന്നു. ക്ഷമയും മനസ്സുമുണ്ടെങ്കില്‍ ഏത് കാലത്തും പച്ചക്കറി കൃഷി നടത്താവുന്നതാണെന്ന് ബാലകൃഷ്ണന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണയാണ് നന്നായി മഴ ലഭിച്ചത്. കോരിച്ചെരിയുന്ന മഴയത്ത് തൈകളില്‍ ചിലത് നഷ്ടപ്പെട്ടെങ്കിലും വീണ്ടും വീണ്ടും നട്ട് പരിപാലിച്ചെടുത്തപ്പോള്‍ വിജയം കണ്ടു.