ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മാവേലി യാത്രയുടെ ഫ്‌ലാഗ് ഓഫ് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വ്വഹിച്ചു. ഓണാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടത്തുന്നതിനും പൊതു-സ്വകാര്യ പരിപാടികളില്‍ ഹരിതചട്ടം പാലിക്കുന്നതില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് യാത്ര സംഘടിപ്പിക്കുന്നത്.
‘വൃത്തിയുടെ ചക്രവര്‍ത്തി’യെന്ന മുദ്രാവാക്യത്തോടെയുള്ള ക്യാമ്പയിന്റെ അഞ്ചുദിവസത്തെ വാഹനയാത്രയ്ക്കാണ് സിവില്‍ സ്റ്റേഷനില്‍ തുടക്കമായത്. ഓണക്കാലത്ത് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസ് തുടങ്ങിയവ ഒഴിവാക്കി പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഹരിതചട്ടം പാലിച്ച് പരിപാടികള്‍ നടത്തുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ ഹരിത പ്രോട്ടോകോള്‍ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുമാണ് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘മാവേലി യാത്ര’ സംഘടിപ്പിക്കുന്നത്.
പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ മാവേലി ജില്ലയിലുടനീളം സഞ്ചരിച്ച് ബോധവല്‍ക്കരണം നടത്തും. സ്‌കൂള്‍, കോളേജ്, മാര്‍ക്കറ്റുകള്‍, പഞ്ചായത്തുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളെല്ലാം സന്ദര്‍ശിക്കും.
സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജു, ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ സി കെ സരിത്ത്, ഫോഗ്രാം ഓഫീസര്‍ ജ്യോതിഷ്, ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ കെ പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.