ഓണക്കാലത്ത് അരി, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്‌ക്ക് ലഭിക്കുന്ന സപ്ലൈക്കോ ഓണം ഫെയര്‍ ആരംഭിച്ചു. ഓണം ഫെയറിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതിനുപിന്നാലെ ഓണച്ചന്തകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ജില്ലകളിലും ഓണം ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഓണച്ചന്തകളും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലു വരെയാണ് ഓണം ഫെയറുകൾ നടക്കുക.
പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനംവരെ വിലക്കുറവുണ്ടാകും. ചില ഉത്‌പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും കച്ചവടം പൊടി പൊടിക്കുമെന്നാണ് സപ്ലൈക്കോ അധികൃതരുടെ വിലയിരുത്തല്‍. അതേസമയം, 140 നിയമസഭാ മണ്ഡലങ്ങളിൽ 31 മുതൽ സെപ്‌തംബർ നാലുവരെ നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.
ആഗസ്റ്റ് 25 മുതൽ ജില്ലാതലങ്ങളിലും ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നിയോജകമണ്ഡലങ്ങളിലും ഗ്രാമീണ മലയോരമേഖലകളിലുള്ള സഞ്ചരിക്കുന്ന ഓണച്ചന്തകളിലും നടക്കുന്ന സപ്ലൈകോ ഓണം ഫെയറുകളിൽ സബ്സിഡി സാധനങ്ങളോടൊപ്പം മറ്റ് പ്രമുഖ റീട്ടെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ് എം സി ജി ഉത്പന്നങ്ങളും ലഭിക്കും. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്. ഓണം ഫെയറുകളെ കൂടാതെ 1500 ൽ അധികം വരുന്ന വിൽപന ശാലകളിലും ഓഫറുകൾ ലഭ്യമാണ്. ശബരി ബ്രാൻഡിൽ 5 പുതിയ ഉൽപ്പന്നങ്ങൾ കൂടി സപ്ലൈകോ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്രകാരം സാധാരണക്കാരന്റെ ഓണം കൂടുതൽ സമൃദ്ധമാക്കുകയാണ് സപ്ലൈകോ. 32 ലക്ഷത്തോളം ഉപഭോക്താക്കൾ ജൂലൈ മാസത്തിൽ സപ്ലൈകോയിൽ എത്തി. 168 കോടിരൂപയുടെ വിറ്റുവരവ് നേടാനായി. ജനങ്ങൾ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നു എന്നതാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. 250 കോടിരൂപയുടെ വിറ്റുവരവാണ് ഈ ഓണക്കാലത്ത് പ്രതീക്ഷിക്കുന്നത്.