സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് കാർഡിലെ പോരായ്മകൾ പരിഹരിക്കാൻ നടപടികൾ തുടങ്ങി. മെഡിസെപ് കാർഡിലെയും ആശുപത്രികളിൽ നൽകുന്ന തിരിച്ചറിയൽ രേഖകളിലെയും വിവരങ്ങളിലെ പൊരുത്തക്കേട് ഒഴിവാക്കാൻ ഗുണഭോക്താക്കൾ www.medisep. kerala.gov.in എന്ന വെബ്സൈറ്റിലെ സ്റ്റേറ്റസ് മെനുവിൽ പെൻ നമ്പർ/ എംപ്ലോയീ ഐഡി/ പിപിഒ നമ്പർ/ പെൻഷൻ ഐഡി, ജനനത്തീയതി, വകുപ്പിന്റെ/ ട്രഷറിയുടെ പേര് എന്നിവ നൽകി സ്റ്റേറ്റസ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് മെഡിസെപ് ഡേറ്റ കൃത്യമാണെന്ന് ഉറപ്പു വരുത്തണം.
നവജാതശിശുക്കളെ ജനിച്ച് 90 ദിവസത്തിനുള്ളിലും വിവാഹം കഴിയുന്നവർ പങ്കാളിയുടെ പേര് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലും പോർട്ടലിലെ ആശ്രിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണം. തിരുത്തൽ വരുത്തി പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് ഡിഡിഒമാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയ പ്രൊഫൈലുകളുടെ സ്റ്റേറ്റസ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്തു സൂക്ഷിച്ച് മെഡിസെപ് കാർഡ് ലഭിക്കുമ്പോൾ ഒത്തുനോക്കണം.
അനുവദിച്ച സമയ പരിധിക്കുള്ളിൽ തിരുത്തലുകൾ നടത്തി, വെരിഫൈ ചെയ്ത ശേഷവും സാങ്കേതികപ്പിഴവു കാരണം മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ 18000 425 1857 എന്ന ടോൾഫ്രീ നമ്പറിലോ info.medisep @kerala.gov.in എന്ന മെയിലിലോ ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.