മൂടാടി ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ ഒന്നിച്ചു നിൽക്കണമെന്നും സി പി ഐ കോഴിക്കോട് ജില്ലാസെക്രട്ടറി പി ഗവാസ് ആവശ്യപ്പെട്ടു. സിപിഐ മൂടാടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീരവഞ്ചേരിയിൽ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ശതാബ്ദി കുടുംബ സംഗമവും ടി എം കുഞ്ഞിരാമൻ നായർ അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും വൻ ഭീഷണിയേയാണ് നേരിടുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ കൊണ്ട് വന്ന് അനധികൃതമായി വോട്ടർപട്ടികയിൽ ചേർക്കുമെന്ന ചിലരുടെ പ്രസ്താവനകള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ ജനാധിപത്യകേരളം അവജ്‍ഞയോടെ തള്ളിക്കളയും. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇടതുപക്ഷത്തെയും മറ്റു ജനാധിപത്യ പാർട്ടികളെയും കൂട്ടുപിടിച്ച് രാഹുൽ ഗാന്ധി മുന്നോട്ടു പോകുമ്പോൾ മറ്റൊരു രാഹുൽ കേരളത്തിൽ ജനാധിപത്യത്തിന് മുഴുവൻ അപമാനമായി മാറിയിരിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തെ ഉദ്ദേശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിലെ മാന്യതയും ധാർമികതയും നിലനിർത്താൻ ഇത്തരക്കാർ എത്രയും പെട്ടെന്ന് രാജിവെച്ച് ഒഴിയണം.
നൂറുവർഷം പിന്നിട്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുവന്നത് 1964 ലെ ദൗർഭാഗ്യകരമായ പിളർപ്പ് നേരിട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ അവസ്ഥ ഇന്ന് മറ്റൊരു തരത്തിൽ ആകുമായിരുന്നു. പിളർപ്പിനു ശേഷം മാനസികവും ശാരീരികവുമായ എല്ലാവിധ വെല്ലുവിളികളെയും അതിക്രമങ്ങളെയും അതിജീവിച്ച് പാർട്ടിയെ വളർത്തിക്കൊണ്ടുവന്ന കമ്മ്യൂണിസ്റ്റ്കാരെ അനുസ്മരിക്കുക എന്നതും വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണ്. ടി എം കുഞ്ഞിരാമൻ നായരെ പോലുള്ളവരുടെ ത്യാഗത്തിന്റെ ഫലമാണ് സി പി ഐ ഇന്നനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ നേതാവ് എൻ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിട്ട നൂറു വർഷങ്ങൾ എന്ന വിഷയത്തിൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗം അജയ് ആവള ക്ലാസെടുത്തു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. സുനിൽ മോഹൻ, ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ, എൻ വി എം സത്യൻ, കെ സന്തോഷ് കെ എം ശോഭ, മൂലിക്കര രാമചന്ദ്രൻ, എം കെ വിശ്വൻ എന്നിവർ സംസാരിച്ചു. എസ് സുധാകര റെഡ്ഢി. വാഴൂർ സോമൻ എം എൽ എ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ അഡ്വ പി ഗവാസും അജയ് ആവളയും ചേർന്ന് ആദരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെ ഉപഹാരം വിതരണം ചെയ്തു. എ ടി രവി, കെ കെ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.