കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. രണ്ട് കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രി വികസനത്തിന് അനുവദിച്ചത്. കെട്ടിടത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഡോക്ടേഴ്സ്, നഴ്സസ് റൂമുകള്‍ക്ക് പുറമെ, വിദൂര സ്ഥലത്തുനിന്ന് വരുന്ന ഡോക്ടര്‍മാര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കും.
താലൂക്ക് ആശുപത്രി വികസനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും ആരോഗ്യവകുപ്പ് ഡയറക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രവൃത്തിക്ക് അനുമതി ലഭിച്ചതെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. വിവിധ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്. 18 മാസമാണ് പൂര്‍ത്തീകരണത്തിന് ആവശ്യം. ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് സമീപമാണ് പുതിയ ബ്ലോക്ക് നിര്‍മിക്കുക.
നിലവില്‍ ആശുപത്രിയില്‍ 28.5 കോടി രൂപയുടെ കെട്ടിട നിര്‍മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. ഈ രണ്ടു പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ വടകര താലൂക്കിലെ മികച്ച ആശുപത്രികളിലൊന്നായി കുറ്റ്യാടി താലൂക്ക് ആശുപത്രി മാറും.