തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ തെരുവ്നായ അക്രമണത്തിനെതിരെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (കോർവ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം നടത്തി. ബിജു പ്രഭാകർ (റിട്ടയേർഡ് ഐ എ എസ്) ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് മുരളീധരൻ പുതുക്കുടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം കെ ബീരാൻ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ആർ അനിൽകുമാർ, മുൻ സംസ്ഥാന പ്രസിഡണ്ട് എം എസ് വേണുഗോപാൽ, സംസ്ഥാന ട്രഷറർ സൗമ്യ രാജ്, സംസ്ഥാന സെക്രട്ടറി വി എസ് അനിൽ പ്രസാദ്, സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡണ്ട് സതീദേവി തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാനത്തെ പതിനാലു ജില്ലകളിൽ നിന്നുമുള്ള റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനമായാണ് സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയത്.
അക്രമാസക്തമായ തെരുവ് നായകളെ ദയാവധത്തിന് വിധേയമാക്കുക, തെരുവ് നായകളെ വന്ധ്യംകരിച്ച് ഷെൽട്ടറുകളിൽ പാർപ്പിക്കുക, തെരുവ് നായകൾക്ക് പൊതു സ്ഥലങ്ങളിൽ ഭക്ഷണം കൊടുക്കുന്നത് നിരോധിക്കുക, ഇരകളായവർക്ക് ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്ട് ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം നടത്തിയത്.