2025 ലെ ഗുരു ചേമഞ്ചേരി അവാർഡ് പ്രശസ്ത കഥകളി സംഗീതാചാര്യൻ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയാശാന് സമർപ്പിച്ചു. കേരള കലാമണ്ഡലത്തിലെ നിള ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന അവാർഡുദാനച്ചടങ്ങിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന കഥകളി ആസ്വാദകരുടേയും കലാകാരന്മാരുടേയും സാന്നിദ്ധ്യത്തിൽ പത്മശ്രീ ശിവൻ നമ്പൂതിരി അവാർഡുദാനം നിർവഹിച്ചു.
ഗുരു ചേമഞ്ചേരിയുടെ അനുഭവസമ്പത്തും, സഹനവും, പ്രതിബദ്ധതയും കഥകളിയേയും നൃത്തരൂപങ്ങളേയും എത്രമാത്രം പരിപോഷിപ്പിച്ചുവെന്നത് അധികമാളുകൾക്കൊന്നും അറിയില്ലെന്നും താനത് നേരിട്ടു മനസ്സിലാക്കിയിട്ടുള്ളതാണെന്നും ശിവൻ നമ്പൂതിരി പറഞ്ഞു. ഗുരുവിന് പത്മശ്രീ നിർദ്ദേശിക്കപ്പെട്ടപ്പോൾ ആ മഹാനർത്തകൻ്റെ അർഹതയെ സാക്ഷ്യപ്പെടുത്തുന്നതിന് അവസരം ലഭിച്ചിരുന്നത് പുണ്യമായി കരുതുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിൻ്റെ പേരിലുള്ള ഒരു അവാർഡ് മാടമ്പിയാശാന് നൽകാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച ബഹുമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ എൻ വി സദാനന്ദൻ അദ്ധ്യക്ഷ വഹിച്ച പുരസ്കാരദാന സമ്മേളനം കലാമണ്ഡലം മുൻ പ്രിൻസിപ്പാൾ എം പി എസ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ മാടമ്പിയാശാനെ പൊന്നാടയണിയിച്ചു. പൈങ്കുളം നാരായണ ചാക്യാർ, കലാമണ്ഡലം മോഹനകൃഷ്ണൻ, കെ കെ ശങ്കരൻ, കലാമണ്ഡലം പ്രേംകുമാർ, വിജയരാഘവൻ ചേലിയ, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ്, എൻ കെ ശശി എന്നിവർ ആദരഭാഷണം നടത്തി.
തുടർന്ന് മാടമ്പിയാശാൻ്റെ ശിഷ്യ – പ്രശിഷ്യരുടെ സംഗീതാർച്ചനയും, കഥകളി വിദ്യാലയം വിദ്യാർത്ഥികളുടെ തായമ്പക, കഥകളി, ഗാനാലാപനം, ക്ലാസ്സിക്കൽ നൃത്തങ്ങൾ എന്നിവയും അവതരിപ്പിക്കപ്പെട്ടു.