കെഎസ്ആർടിസിയുടെ പുതിയ ബസുകൾ നിരത്തിൽ ട്രയൽ റൺ ആരംഭിച്ചു. സർക്കാരിൻ്റെ ഓണസമ്മാനമായി 143 പുതിയ ബസുകളാണ് പുറത്തിറങ്ങുന്നത്. മുഴുവൻ ബസുകളും ബിഎസ് 6 വിഭാഗത്തിൽപ്പെട്ടവയാണ്. സൂപ്പർ ഫാസ്റ്റ് മുതൽ വോൾവോ വരെയുള്ള ബസുകൾ ഓണക്കാലത്ത് അന്തർ സംസ്ഥാന സർവീസുകൾ നടത്തും. കൂടുതലും ബെംഗളൂരു-ചെന്നൈ റൂട്ടുകളിലായിരിക്കും സർവീസുണ്ടാവുക. പ്രീമിയം ബസുകൾ മൂകാംബികയിലേക്കും സർവീസ് നടത്തും.
ഓണത്തോടനുബന്ധിച്ച് ബെംഗളൂരു, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിൽനിന്ന് കെഎസ്ആർടിസി 22 സ്പെഷ്യൽ സർവീസുകൾ നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ഈ അധിക സർവീസുകൾ. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെയാണ് സർവീസ്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുണ്ടാകും. സ്കാനിയ, സ്വിഫ്റ്റ് എന്നീ ബസുകൾ അറ്റകുറ്റപ്പണി നടത്തി അന്തർ സംസ്ഥാന സർവീസിന് സജ്ജമാക്കിയിട്ടുണ്ട്.
ബെംഗളൂരു, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, അടൂർ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, കോട്ടയം, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം തുടങ്ങിയ ഡിപ്പോകളിലേക്കാണ് സർവീസുകൾ നടത്തുക. ഈ ബസുകൾ മറ്റ് ജില്ലകളിലൂടെയും കടന്നുപോകും. പ്രധാന സ്ഥലങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.