കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ അധ്യാപകന്‍ അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടത്തിന് പരുക്കേറ്റ സംഭവത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകനായ എം അശോകനെതിരെയാണ് ബേഡകം പോലീസ് കേസെടുത്തു.
ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ആഗസ്ത് 11 ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അസംബ്ലിക്കിടെ സ്‌കൂള്‍ മൈതാനത്തെ ചരല്‍ തട്ടിത്തെറിപ്പിച്ചതിന് അധ്യാപകന്‍ മര്‍ദിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. ബാലാവകാശ കമ്മീഷന്‍ അംഗം ബി മോഹന്‍ കുമാറാണ് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്താനെത്തുന്നത്.
ആദ്യം വിദ്യാര്‍ത്ഥിയുടെ വീട്ടിലും കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും എത്തും. അന്വേഷണം നടത്തിയ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെയും, ഹെഡ്മാസ്റ്ററുടെയും മൊഴിയെടുത്ത ശേഷമാണ് ഡിഡിഇ ടിവി മധുസൂദനന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരിട്ട് ഡിഡിഇ യോട് റിപ്പോര്‍ട്ട് ആവശ്യപ്പടുകയായിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് ഐഎഎസ് റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കും.