1950-ൽ സേലം ജയിൽ വെടിവയ്പ്പിൽ രക്തസാക്ഷികളായ സി.പി.ഐ സഖാക്കളുടെ സ്മരണക്കായി സേലം സെൻട്രൽ ജയിലിന് സമീപം സ്മാരകം നിർമ്മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സേലത്ത് നടക്കുന്ന സി. പി. ഐ സംസ്ഥാന സമ്മേളന വേദിയിൽ പ്രഖ്യാപിച്ചു. സേലത്ത് കൊല്ലപ്പെട്ട 22 സഖാക്കളുടെ പേരിൽ സ്മാരകം വേണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ആർ. മുത്ത രേശൻ്റെ ആവശ്യം വേദിയിൽ വച്ച് തന്നെ സമ്മതിക്കുകയായിരുന്നു സ്റ്റാലിൻ . നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
1950 ഫെബ്രുവരി 11 നാണ് സേലം ജയിലിൽ തടവിലാക്കപ്പെട്ട കിസാൻ സഭ – കർഷകത്തൊഴിലാളി പ്രവർത്തകരായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ കോൺഗ്രസ് സർക്കാരിൻ്റെ ക്രൂരതകൾക്ക് എതിരെ പ്രതിഷേധിച്ച് വെടിയുണ്ടകൾ ഏറ്റുവാങ്ങിയത്. 19 മലയാളികളും 2 തമിഴ്നാട് സ്വദേശികളും ഒരു ആന്ധ്രാ സ്വദേശിയുമാണ് ആ പോരാട്ടത്തിൽ രക്തസാക്ഷികളായത്. തളിയൻ രാമൻ നമ്പ്യാർ, ഒ.പി.അനന്തൻ നമ്പ്യാർ,അമ്പാടി ആചാരി കൊയിലോടൻ നാരായണൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ,
പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ നമ്പ്യാർ നക്കായി കണ്ണൻ,എൻ ബാലൻ, നീലഞ്ചേരി നാരായണൻ നായർ എ.കെ.കുഞ്ഞിരാമൻ നമ്പ്യാർ മൈലപ്രവൻ നാരായണൻ നമ്പ്യാർ
മാറോളി കൂരൻ ഗുരുക്കൾ ഞാങ്ങാടി കുഞ്ഞമ്പു, യു.വി.നാരായണ മാരാർ,വി.സി.കുഞ്ഞിരാമൻ നടുവളപ്പിൽ കോരൻ,കുന്നുമ്മൽ രാമൻ
ആസാദ് ഗോപാലൻ,കെ.ഗോപാലൻ കുട്ടി നായർ (കേരളം) കാവേരി മുതലി , അറുമുഖ പണ്ടാരം (തമിഴ്നാട്) ഷെയ്ഖ് ദാവൂദ് (ആന്ധ്ര) എന്നിവരാണ് ആ ധീര രക്തസാക്ഷികൾ.ഗോപാലൻകുട്ടി നായർ ചെങ്ങോട്ടുകാവ് സ്വദേശിയാണ്. സേലം ജയിൽ രക്തസാക്ഷികളുടെ ത്യാഗോജ്വലമായ ജീവിതം എന്നും സ്മരണയിൽ ജ്വലിച്ചു നില്ക്കും സി. പി. ഐ സേലം സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു.