കോഴിക്കോട് : നിർമാണത്തിനിടെ തോരായിക്കടവ് പാലം തകർന്നതിന് കാരണം കോൺക്രീറ്റ് പമ്പ് അമിത സമ്മർദത്തിൽ പ്രവർത്തിപ്പിച്ചതാണെന്ന് കരാർ കമ്പനി വ്യക്തമാക്കി. കോൺക്രീറ്റ് പമ്പിൽ തടസം നേരിട്ടപ്പോൾ പ്രഷർ കൂട്ടി പ്രവർത്തിപ്പിച്ചതിനെ തുടർന്ന് സമ്മർദം താങ്ങാനാകാതെ ഗർഡർ തകർന്നുവെന്നാണ് കമ്പനി കേരള റോഡ് ഫണ്ട് ബോർഡ് (KRFB) പ്രോജക്റ്റ് ഡയറക്ടർക്കു നൽകിയ വിശദീകരണം.
സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. പാലത്തിന്റെ കോൺക്രീറ്റ് നടന്ന ദിവസം പി.ഡബ്ല്യു.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാരോപണം കൂടി പരിശോധിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി ഉടൻ പൊതുമരാമത്ത് വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു.
അന്വേഷണ റിപ്പോർട്ട് ലഭിച്ച ഉടൻ കുറ്റക്കാരെതിരെ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ 24 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ബീം ഇക്കഴിഞ്ഞ ദിവസം ചെരിഞ്ഞുവീണ് അപകടമുണ്ടായിരുന്നു. പിഡബ്ല്യു.ഡി.യും കേരള റോഡ് ഫണ്ട് ബോർഡും മേൽനോട്ടം വഹിച്ച പദ്ധതിയായിരുന്നു ഇത്. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റിരുന്നു.