വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. സി.ബി.ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹരജി നല്‍കി. റിപ്പോര്‍ട്ടിന് മേല്‍ കോടതി ഉടന്‍ തീരുമാനമെടുക്കണമെന്നും ആവശ്യം.
ബാലഭാസ്‌കറും മകളും മരിച്ച 2018 സെപ്റ്റംബര്‍ 25 ലെ അപകടത്തില്‍ അസ്വഭാവികതയില്ല എന്നായിരുന്നു സി.ബി.ഐയുടെ റിപ്പോര്‍ട്ട്. കുടുംബത്തിന്റെ ഹര്‍ജിയില്‍ സി.ബി.ഐക്ക് കോടതി നോട്ടീസ് അയച്ചു.
ഡ്രൈവർ അർജുൻ അമിത വേഗത്തിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പ് ജംഗ്ഷന് സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. തൃശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു കാര്‍ മരത്തില്‍ ഇടിച്ച് തകര്‍ന്നത്. ഡ്രൈവര്‍ അര്‍ജുന്‍ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല എന്നിവരും കാറില്‍ ഉണ്ടായിരുന്നു. മകള്‍ സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു.
എന്നാൽ ബാലഭാസ്കറിന്റേത് കൊലപാതകമാണെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. അന്ന് പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അർജുനെ ചോദ്യം ചെയ്തിരുന്നു. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും ശക്തമായിരുന്നു.