ചേമഞ്ചേരി: പൂക്കാട് എക്സ് സർവീസ്‌മെൻ അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവും, വീരസേനാ കുടുംബസംഗമവും ദേശസ്നേഹത്തിന്റെ ചൂടാർന്ന ആവേശത്തിൽ നടന്നു. സഹകരണ ബാങ്കിൻ്റെ ഹാൾ നിറഞ്ഞുകവിഞ്ഞ കുടുംബസംഗമം, ഒരു ദശാബ്ദത്തിന് ശേഷം നടക്കുന്ന വ്യത്യസ്തമായ അനുഭവമായി.
കേണൽ എം. ഒ. മാധവൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ലെഫ്. കേണൽ വാസുദേവൻ പി., അസോസിയേഷൻ പ്രസിഡന്റ് എം. നാരായണൻ നായർ, ജനറൽ സെക്രട്ടറി കെ. കെ. രാജൻ എന്നിവർ സംസാരിച്ചു. എം. ഒ. ദാമോദരൻ നായർ നന്ദി പറഞ്ഞു. വീരനാരി ഷെജിനയെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, യുദ്ധത്തിൽ പങ്കെടുത്ത വീരയോദ്ധാക്കളെയും പരേതരായ സൈനികരുടെ വിധവകളെയും പ്രത്യേകം ആദരിച്ചു.
അംഗങ്ങളുടെയും ബന്ധുക്കളുടെയും വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ വേദിയെ പ്രകമ്പനം കൊള്ളിച്ചു. ദേശസ്നേഹത്തിന്റെ അലയൊലികൾ നിറഞ്ഞു നിന്ന പരിപാടി പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു.