കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുരങ്കപാത പ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ആനക്കാംപൊയിൽ പാരിഷ് ഹാളിൽ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
തുരങ്കപാത ജനങ്ങളുടെ നൂറ്റാണ്ടുകളായ ആവശ്യമാണെന്നും പദ്ധതിയെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് പ്രവൃത്തി ഉദ്ഘാടനത്തിലേക്ക് കടക്കുകയാണെന്നും എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്ന 30 പദ്ധതികളിൽ ഒന്നായ തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കുമെന്നും എംഎൽഎ പറഞ്ഞു.
ലിന്റോ ജോസഫ് എംഎൽഎ ചെയർമാനും ടി വിശ്വനാഥൻ കൺവീനറുമായ 501 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. 13 സബ് കമ്മറ്റികളും രൂപീകരിച്ചു. ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പ് മന്ത്രി ഒ ആർ കേളു, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആദർശ് ജോസഫ്, അലക്സ് തോമസ് ചെമ്പകശ്ശേരി, കെ ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കൊളത്തൂർ, എസ്പിവി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗുൽസാർ അഹമ്മദ്, ദിലീപ് ബിൽഡ് കോൺ കോഓർഡിനേറ്റർ റാണ, പൊതുമരാമത്ത് റോഡ് വിഭാഗം ഇഇ ഹാഷിർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.