മേപ്പയ്യൂർ: മേപ്പയൂർ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പതിനൊന്നാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ നടത്തുന്ന സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി ഉദ്ഘാടനം ചെയ്ത പാക്കാനാർപുരം ഗാന്ധി സദനത്തിലേക്ക് സ്വാതന്ത്ര്യസമര ചരിത്രയാത്ര നടത്തി.
ഭരണഘടനയുടെ ആമുഖം അനാച്ഛാദനം, അമ്മയും കുട്ടിയും ക്വിസ്, ദേശഭക്തി ഗാനാലാപന മൽസരം, സംഗീത ശില്പം, ചുമർ പത്രികാ നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. പാക്കനാർപുരം ഗാന്ധി സദനത്തിൽ നടന്ന ചടങ്ങിൽ പി.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. ഇ.കെ. മുഹമ്മദ് ബഷീർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.കെ. പ്രിയേഷ് കുമാർ, ഗാന്ധി സദനം കമ്മിറ്റി ഭാരവാഹികളായ പി. ഗോപാലൻ, വി. ചെക്കോട്ടി, പ്രധാനാധ്യാപിക പി.കെ. ഗീത, എസ്.ബി.ചിഞ്ചു എന്നിവർ സംസാരിച്ചു.