ഉത്തര കേരളത്തിലെ കഥകളി അരങ്ങുകളിലെ അനന്യലബ്‌ധമായ നിറസാന്നിധ്യമായിരുന്നു പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. പതിനഞ്ചാം വയസ്സിൽ ആരംഭിച്ച അദ്ദേഹത്തിൻ്റെ കലാസപര്യക്ക് നൂറ്റിയഞ്ചാംവയസ്സിലാണ് തിരശ്ശീല താഴുന്നത്. ഒരുനാട് ആദരപൂർവ്വം നെഞ്ചേറ്റിയ സ്നേഹമായിരുന്നു ഗുരു ചേമഞ്ചേരി. ഒരു തലമുറയെ പുഞ്ചിരിയോടെ അദ്ദേഹം ചേർത്തു പിടിച്ചു. 2021 ൽ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. കഥകളിയെ ജീവനുതുല്യം സ്നേഹിച്ച പ്രിയ ഗുരു നാഥൻ്റെ നിത്യസ്മരണക്കായി ചേലിയ കഥകളി വിദ്യാലയം, 2023 മുതൽ ഗുരു ചേമഞ്ചേരി പുരസ്കാരം നൽകി ഒരു കഥകളി പ്രതിഭയെ ആദരിച്ചു വരുന്നു. മൂന്നാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരം കഥകളി സംഗീതജ്ഞൻ മാടമ്പി നമ്പൂതിരിക്ക് സമ്മാനിക്കപ്പെടുകയാണ്.
കഥകളി സംഗീതത്തിൻ്റെ കുലപതി, വൃത്തി, ശുദ്ധി, ആധികാരികത എന്നിവ മുറുകെപ്പിടിച്ച കഥകളി സംഗീതത്തിൻ്റെ കാവലാളായി മാറിയ ഭാവഗായകൻ, പാട്ടും വേഷവും സമഞ്ജസമായി വിളക്കിചേർക്കാനുള്ള അനിതര സാധാരണമായ സാമർത്ഥ്യം എന്നിവ മാടമ്പിയാശാൻ്റെ മാത്രം സവിശേഷതകളാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായി പൂമുള്ളി മനയിലാണ് സംഗീതാഭ്യാസനത്തിൽ ഹരിശ്രീ കുറിച്ചത്. പിന്നീട് 1957 ൽ കലാമണ്‌ഡലത്തിൽ വിദ്യാർത്ഥിയായി എത്തി. കഥകളി സംഗീത മേഖലയിലെ പ്രഭാ ഗോപുരങ്ങളായ നീലകണ്‌ഠൻ നമ്പീശൻ, കാവുങ്ങൽ മാധവ പണിക്കർ, ശിവരാമൻ നായർ എന്നിവരുടെ ശിക്ഷണം മാടമ്പിയാശാനിലെ ഭാവഗായകനെ സ്പുടം ചെയ്തെടുത്തു. പിന്നീട് സമകാലീനരായ ശങ്കരൻ എമ്പ്രാന്തിരി, തിരൂർ നമ്പീശൻ, കലാമണ്‌ഡലം ഹൈദരാലി എന്നിവരോടൊപ്പം പങ്കിട്ട അരങ്ങുകൾ മാടമ്പിയാശാൻ എന്ന വിളിപ്പേരിൽ കഥകളി സംഗീത മേഖലയിൽ ഒരു സംഗീതകുലപതിയുടെ പിറവിക്കു കാരണമായി. പേരൂർ ഗാന്ധി സേവാസദനം, കേരള കലാമണ്‌ഡലം എന്നിവിടങ്ങളിലെ അധ്യാപനം ഈ മഹാ ഗുരുവിന് ഒരുപാട് ശിഷ്യ പ്രശിഷ്യരുടെ ആദരം, സ്നേഹം എന്നിവ സമ്മാനിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കലാമണ്ഡലം അവാർഡ്, പട്ടിക്കാം തൊടി രാവുണ്ണി മേനോൻ പുരസ്‌കാരം, മുകുന്ദരാജപുരസ്കാരം, വാഴേങ്കട കുഞ്ചുനായർ അവാർഡ് തുടങ്ങി 25 – ലേറെ പുരസ്ക്കാരങ്ങൾ മാടമ്പിയാശാന് ലഭിച്ചിട്ടുണ്ട്.
പാലക്കാടു ജില്ലയിൽ ശ്രീകൃഷ്‌ണപുരത്ത് 1943 ൽ ശങ്കരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജ നത്തിൻ്റെയും മകനായി ജനനം. ഇപ്പോൾ ചെറുതുരുത്തിയിൽ താമസം. മാടമ്പി ആശാന് ഗുരു ചേമഞ്ചേരിയുടെ പേരിലുള്ള മൂന്നാമത്തെ പുരസ്കാരം ആഗസ്റ്റ് 17 ഞായറാഴ്ച സമ്മാനിക്കപ്പെടുകയാണ്. കേരള കലാമണ്ഡലത്തിലെ പ്രശസ്തമായ നിള ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പുരസ്കാരം സമർപ്പിക്കും. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം മോഹന കൃഷ്ണൻ, പൈങ്കുളം നാരായണ ചാക്യാർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കഥകളി വിദ്യാലയം വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ ഉൾപ്പെടെ പങ്കെടുക്കുന്ന തായമ്പക, കഥകളി, ശാസ്ത്രീയ നൃത്തങ്ങൾ എന്നിവർ വേദിയിൽ അവതരിപ്പിക്കപ്പെടും. കലാമണ്ഡലം മോഹന കൃഷ്ണൻ, സുനിൽ തിരുവങ്ങൂർ, ഡോ. ദീപ്ന പി. നായർ എന്നിവർ അംഗങ്ങളായ ജൂറി ഏകകണ്ഠമായാണ് പുരസ്കാര ജേതാവിന് തെരഞ്ഞെടുത്തത്. തിരൂർ തുഞ്ചൻപറമ്പ്, വരിക്കശ്ശേരി മന, കലക്കത്ത് കുഞ്ചൻ സ്മാരകം, കേരള കലാമണ്ഡലം എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ 250 പേർ പങ്കെടുക്കുന്ന ഒരു കലാ തീർത്ഥയാത്രയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പത്രസമ്മേളന ത്തിൽ കഥകളി വിദ്യാലയം വൈസ് പ്രസി. വിജയരാഘവൻ ചേലിയ എൻ. കെ. ശശി, മിനി പുല്ലാട്ട്, പ്രിൻസിപ്പാൾ
കലാമണ്ഡലം പ്രേംകുമാർ, വാർഡ് മെമ്പർ അബ്ദുൾഷുക്കൂർ എന്നിവർ പങ്കെടുത്തു.