തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇനി എഐ സാങ്കേതികവിദ്യ. റോഡിലെ തിരക്കനുസരിച്ച് ട്രാഫിക് ലൈറ്റ് സിഗ്നലുകളുടെ സമയം ക്രമീകരിക്കുന്ന ‘കൗണ്ട് ആന്‍ഡ് ക്ലാസിഫിക്കേഷന്‍’ സാങ്കേതിക വിദ്യയുമായി കെല്‍ട്രോണ്‍. റോഡിലെ തിരക്കനുസരിച്ച് സിഗ്നല്‍ സമയത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും.
തിരക്കുള്ള സമയത്ത് പോലീസുകാര്‍ റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്ന രീതി ഒഴിവാക്കാനും പുതിയ സാങ്കേതികവിദ്യ സഹായിക്കും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പദ്ധതിയുടെ നിര്‍ദേശം കെല്‍ട്രോണ്‍ ഗതാഗത വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലുള്ള ഐഐ ക്യാമറകളുടെ പരിഷ്‌കരിച്ച രൂപമാണ് പുതിയ സാങ്കേതികവിദ്യ.
നേരത്തെ സംസ്ഥാനത്തുടനീളം സ്ഥാപിച്ച എഐ ക്യാമറകളില്‍നിന്നും ലഭിച്ച ഡേറ്റകളുടെ വിശകലനത്തില്‍ നിന്നാണ് പുതിയ പദ്ധതിയിലേയ്ക്ക് കെല്‍ട്രോണ്‍ എത്തിയിരിക്കുന്നത്. ഒരു ജങ്ഷനിലെ ട്രാഫിക് സിഗ്നലുകളില്‍ പുതിയ സംവിധാനം സ്ഥാപിക്കാന്‍ ഏകദേശം 5 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജങ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍ ദൃശ്യങ്ങളും വാഹനങ്ങളുടെ എണ്ണവും ട്രാഫിക് കണ്‍ട്രോള്‍ റൂമിലേയ്ക്ക് കൈമാറും.