കോഴിക്കോട്:: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റത് പ്ലസ് വൺ വിദ്യാർത്ഥിയും കോടഞ്ചേരി സ്വദേശിയുമായ അമൽ (16) ആണ്.
സംഭവം കഴിഞ്ഞ ദിവസം രാവിലെയാണ് നടന്നത്. സ്കൂളിലെ കൈ കഴുകുന്ന ഭാഗത്ത് പതിമൂന്നോളം വരുന്ന പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്നാണ് അമലിനെ മർദിച്ചത്. കൈകൊണ്ട് ആംഗ്യം കാണിച്ചതാണ് മർദനത്തിന് കാരണമെന്ന് ആരോപണം.
പരിക്കേറ്റ അമലിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പിതാവ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തതായി സ്കൂൾ അധികൃതര്‍ അറിയിച്ചു. മർദനവുമായി ബന്ധപ്പെട്ട് സ്കൂൾ ആന്റി-റാഗിങ് കമ്മിറ്റിയും രക്ഷിതാവും കോടഞ്ചേരി പോലീസിൽ പരാതി നൽകി. അമലിനെ കൂട്ടമായി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.