ഓണാഘോഷ പരിപാടികള്‍ വിശദമായി അറിയാന്‍ ‘മാവേലിക്കസ് 2025’ മൊബൈല്‍ ആപ്പ് ലോഞ്ച്ചെയ്തു
‘മാവേലിക്കസ്’ എന്ന പേരില്‍ ഇത്തവണ അതിഗംഭീര ഓണാഘോഷത്തിനാണ് കോഴിക്കോട് തയാറെടുക്കുന്നതെന്ന് വിനോദസഞ്ചാര-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.വിനോദസഞ്ചാര വകുപ്പും കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘മാവേലിക്കസി’ന്റെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വിപുലവും വൈവിധ്യവുമാര്‍ന്ന പരിപാടികളോടെയായിരിക്കും ഇത്തവണത്തെ ഓണാഘോഷം.ഓണാഘോഷം ഗംഭീരമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ പ്രധാന കലാകാരന്മാര്‍ പരിപാടികളില്‍ പങ്കാളികളാകുമെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ ആപ്പിലൂടെ അറിയാനാകും. കലാപരിപാടികള്‍, വേദികള്‍, മത്സര വിവരങ്ങള്‍, മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ആപ്പില്‍ ലഭ്യമാകും. പ്ലേ സ്റ്റോറില്‍നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, ഒനീറോ സ്ട്രാറ്റജിസ്റ്റ്‌സ് എന്നിവരുമായി സഹകരിച്ചാണ് മാവേലിക്കസ് 2025’ന്റെ മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം.
രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള പ്രശസ്ത കലാകാരന്മാരെ അണിനിരത്തി ഒമ്പത് കേന്ദ്രങ്ങളിലാണ് ഇത്തവണത്തെ ഓണാഘോഷം. വാണിജ്യമേള, ഫ്ളവര്‍ഷോ, കൈത്തറി കരകൗശലമേള, ഭക്ഷ്യമേള, പുസ്തകോത്സവം, പൂക്കള മത്സരം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമാക്കും. കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, സബ് കലക്ടര്‍ ഗൗതം രാജ്, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ് എന്നിവര്‍ പങ്കെടുത്തു.