ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മഹാത്മാവിൻ്റെ നേതൃത്വത്തിൽ നടന്ന ധീരോദാത്തമായ പോരാട്ടങ്ങളുടെ അവസാന ഘട്ടമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. ബോംബെയിൽ മൗലാന അബുൽ കലാം ആസാദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അഖിലെന്ത്യാ കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ് മഹാത്മാവിൻ്റെ ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനം നടക്കുന്നത്. 1942 ആഗസ്റ്റ് 8 ന് അർദ്ധരാത്രി. ബ്രിട്ടീഷുകാർ ഇന്ത്യ വിടുക, സാമ്രാജ്യത്വത്തിനെതിരെയുള്ള അന്തിമ പോരാട്ടത്തിൽ ജീവൻ വെടിയാൻ പോലും തയ്യാറെടുക്കുക, പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക.
ആസേതു ഹിമാചലം പതിനായിരക്കണക്കായ സ്ത്രീ പുരുഷന്മാർ യുവാക്കൾ, വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ സമരോത്സുകരായി രംഗത്ത് വന്ന വികാരോജ്വലമായ കാലഘട്ടം. വീരസ്മരണകൾ ഉയർത്തുന്ന ക്വിറ്റ് ഇന്ത്യാ സമരം അന്തിമ വിജയം കണ്ടെത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അന്ത്യം കുറിച്ചു.
സമര തീക്ഷ്ണമായ ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഓർമ്മ പുതുക്കുന്ന ഇന്ന് നാം പ്രതിജ്ഞയെടുക്കുക. നാം നേടിയ സ്വാതന്ത്ര്യം, നാം നമുക്ക് വേണ്ടി നിർമ്മിച്ച്, നമുക്കായി സമർപ്പിച്ച നമ്മുടെ ഭരണഘടന കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിക്കും.
ഒരു ദശകത്തിലേറെയായി രാജ്യത്ത് കരിനിഴൽ പടർത്തിയ ഇന്ത്യൻ ഫാസിസത്തെ സർവ്വ ശക്തിയും സമാഹരിച്ച് പരാജയപ്പെടുത്തുമെന്ന് ദൃഢനിശ്ചയം കൈക്കൊള്ളേണ്ട ചരിത്രത്തിലെ ദശാസന്ധി. നമുക്ക് മുന്നോട്ടു പോകാം. ഗാന്ധിജിയും നെഹ്റുവും ആസാദും പട്ടേലും കാട്ടിയ വഴിയിലൂടെ. മതേതര ജനാധിപത്യ ഇന്ത്യ നീണാൾ വാഴട്ടെ.