കേരളത്തിലെ റേഷൻവിതരണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. 2018 മുതൽ 14,000-ത്തിലധികം റേഷൻ കടകളിൽ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പോസ്) മെഷീനുകൾ വഴി വിതരണം മെച്ചപ്പെടുത്തി. ഇപ്പോൾ, ഇ-പോസ് മെഷീനുകളെ ഇലക്ട്രോണിക് തൂക്കയന്ത്രങ്ങളുമായി (ഇ-ബാലൻസ്) ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അളവും തൂക്കവും കൃത്യമാക്കി, ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി ഗുണഭോക്താക്കൾക്ക് കൃത്യമായ അളവിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കും.
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ ഇലക്ട്രോണിക് തൂക്കയന്ത്രങ്ങൾ വാങ്ങാൻ ഇ-ടെണ്ടർ നടപടികൾ ആരംഭിച്ചു. തൂക്കയന്ത്രങ്ങളുടെ വിതരണം, ഇൻസ്റ്റലേഷൻ, ഇ-പോസ് ഇന്റഗ്രേഷൻ, വാറന്റി, എഎംസി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടെണ്ടർ പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ റേഷൻ കടകളിലും ഇ-പോസും ഇലക്ട്രോണിക് തൂക്കയന്ത്രവും ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കും.
ബ്ലൂടൂത്ത് അല്ലെങ്കിൽ യുഎസ്ബി വഴി തൂക്കയന്ത്രത്തിൽ നിന്ന് ഡാറ്റ ഓട്ടോമാറ്റിക്കായി ഇ-പോസിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. കൃത്യമായ തൂക്കം ലഭിച്ചാൽ മാത്രം ബില്ലിംഗ് സാധ്യമാകുന്ന സോഫ്‌റ്റ്വെയർ ക്രമീകരണവും നിലവിൽ വരും. 2019ൽ തന്നെ തിരുവനന്തപുരം ജില്ലയിലെ 10 റേഷൻ കടകളിൽ നടപ്പിലാക്കിയ പൈലറ്റ് പദ്ധതി വിജയമായിരുന്നു. പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയിലും മികവിലും കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. ഈ പദ്ധതിയും മറ്റു സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാകുമെന്നാണ് സർക്കാർ കരുതുന്നത്.