മേപ്പയ്യൂർ: കർക്കിടകത്തിൻ്റെ ആധിയും വ്യാധിയുമകറ്റാൻ കാലൻപാട്ടിൻ്റെ ഉടുക്കു ചെത്തവുമായി നാടുനീളെ സഞ്ചരിക്കുകയാണ് ബാബു തിരുവങ്ങായൂർ. അച്ഛനായ ചെറിയക്കുപ്പണിക്കർക്കൊപ്പം പതിനഞ്ചാം വയസിൽ തുടങ്ങിയ കാലൻപാട്ട് എന്ന അനുഷ്ഠാനകലയെ തൻ്റെ അമ്പത്തി ഏഴാം വയസിലും നെഞ്ചോട് ചേർത്ത് ജീവിതം പുലർത്തുന്നത് അഭിമാനകരം തന്നെയാണെന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വടക്കേ മലബാറിൽ മലയ സമുദായക്കാരാണ് ഏറിയകൂറും കാലൻപാട്ട് അവതരിപ്പിക്കുന്നത്.
അരയിൽ ചുവപ്പുപട്ടു ചുറ്റാടയാക്കി കറുപ്പ് പട്ടു പുതച്ച് മണിഹാരം കഴുത്തിലണിഞ്ഞ് ഒരു കയ്യിൽ ഉടുക്കും മറുകയ്യിൽ കുരുത്തോല മുടി വിരുത്തിയ ഗുളികൻ്റെ മുഖപ്പാളയുമായി നാടായ നാടും വീടായ വീടും ചുറ്റി ഇദ്ദേഹം കർക്കിടക പഞ്ഞത്തെ ആട്ടിയകറ്റുക തന്നെയാണ്.
“വിഷ്ണുതാൻ മായയാലും
അസുരമാലവേഷംതോന്നി
മായയാലസുരൻമാർ
പന്ത്രണ്ട് ഉണ്ടായപ്പോൾ
പിറന്നിട്ട്ഭൂമി ലോകം
വാഴുന്നകാലത്തിങ്കൽ”…..…
എന്ന മാർക്കണ്ഡേയപുരാണത്തിലെ ഭാഗവും ഗുളികൻ്റെയും അന്തകൻ്റെയും സ്തുതികളും വീട്ടുകാർക്കു മുന്നിൽ ഉടുക്കുകൊട്ടി പാടുമ്പോൾ നിറനാഴിയും നിലവിളക്കും തൂശനിലയിൽ പുഷ്പങ്ങളുമൊരുക്കി ഭക്തിദായകകമായ ഒരന്തരീക്ഷം അവിടെ വിരിയുന്നതു കാണാം. വടക്കേ മലബാറിൽ ചിലയിടങ്ങളിൽ ഇന്നും കാലം മായ്ച്ചുകളയാത്ത ഒരനുഷ്ഠാനമായി കാലൻ പാട്ടവതരിപ്പിച്ച്നി ലനിർത്തുന്നതിൽ ഇദ്ദേഹത്തെപ്പോലുള്ളവർ ഉത്സാഹിക്കുന്നുണ്ട്. മിഥുനത്തിൻ്റെ അവസാനദിനംകലിയനെന്ന ഉർവ്വരതാ മൂർത്തിയെ സ്വീകരിക്കുന്ന വടക്കൻ മലബാറുകാർ പിന്നീടു വരുന്ന കർക്കടകത്തിലെ മറ്റൊരു ആചാരമായി ഇന്നും കാലൻപാട്ടിനെ പിൻപറ്റുന്നതു കാണാം. മികച്ച കലാകാരൻ കൂടിയായ ബാബുവിന് കുരുത്തോലയിൽ കരകൗശലങ്ങൾ തീർക്കാനും മരത്തിൽ ശിൽപ്പം പണിയാനും തെയ്യം, തിറ, മന്ത്രവാദം, ഗാനാലാപനം എന്നിവയിലും അസാമാന്യപാടവമുണ്ട്. കാലൻപാട്ട് പാടിത്തീർത്ത് വീട്ടുകാരെ അനുഗ്രഹിച്ച് തിരിച്ചിറങ്ങുമ്പോൾ തനിക്കുള്ളിൽ ഒരിക്കലും വിവരിക്കാനാവാത്ത ഒരാത്മ നിർവൃതി നിറയുന്നുണ്ട് എന്നദ്ദേഹം പറയുന്നു. ഭാര്യ ചന്ദ്രികയും മക്കളായ അഭിൻ പ്രസാദും, അരുൺ പ്രസാദും ഈ അനുഷ്ഠാനത്തെ ഉൾച്ചേർത്ത് കൂടെത്തന്നെയുണ്ട്.