മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈ വിതരണം ആരംഭിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് വിതരണം. ഒട്ട് തൈകളായ കംബോഡിയൻ പ്ലാവ്, കാലപ്പാടി മാവ്, ക്രിക്കറ്റ് ബോൾ സപ്പോട്ട, തായ്‌വാൻ പിങ്ക് പേര തുടങ്ങിയവയും റെഡ് ലേഡി പപ്പായ, റെഡ് ഡ്രാഗൺ ഫ്രൂട്ട് എന്നിവയും 75 ശതമാനം സബ്സിഡിയിൽ ഗുണഭോക്താവിന് ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജൻ ഗുണഭോക്താവായ ചന്ദ്രൻ ചൂരപ്പറ്റ മീത്തലിന് തൈകൾ നൽകി നിർവഹിച്ചു.
ഉൽപാദന വർധനവും കർഷകർ സ്വയം പര്യാപ്തത കൈവരിക്കുകയും ലക്ഷ്യം വച്ചുകൊണ്ട് ഇത്തരം ഒട്ടേറെ പദ്ധതികൾ കൃഷിഭവൻ ഈ വർഷം നടപ്പിലാക്കി വരുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. തെങ്ങ്, കുരുമുളക്, ചെണ്ടുമല്ലി തുടങ്ങിയ പദ്ധതികൾക്ക് ശേഷമാണ് ഫലവൃക്ഷതൈ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 68,8000 രൂപ അടങ്കൽ തുക വകയിരുത്തിയ പദ്ധതിക്കായി 51,6000 രൂപ പഞ്ചായത്ത് ചെലവഴിക്കുന്നുണ്ട്.
കൃത്യമായ പരിചരണത്തിലൂടെയും ശാസ്ത്രീയ വള പ്രയോഗത്തിലൂടെയും തൈകൾ പരിപാലിപ്പിച്ചാൽ മൂന്ന് വർഷം കൊണ്ട് തന്നെ കായ്ഫലം ലഭിക്കും. ഗുണമേന്മയും അത്യുൽപ്പദന ശേഷിയുമുള്ള 688 കിറ്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കിറ്റിന് സബ്സിഡി കഴിഞ്ഞ് 250 രൂപയാണ് അടയ്ക്കേണ്ടത്. ആധാർ പകർപ്പ്, 2025-26 വർഷത്തെ നികുതി രസീത് എന്നിവ ഗുണഭോക്താവ് കൃഷിഭവനിൽ നൽകണം.
കാർഷിക വികസന സമിതി അംഗം കെ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഡോ. ആർ എ അപർണ പദ്ധതി വിശദീകരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ കെ ഹരികുമാർ, കൃഷി അസിസ്റ്റന്റുമാരായ എസ് സുഷേണൻ, സി എസ് സ്നേഹ, പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫൻ, അസിസ്റ്റൻ്റ് സെക്രട്ടറി വി വി പ്രവീൺ, കാർഷിക വികസന സമിതി അംഗങ്ങളായ ബാബു കൊളക്കണ്ടി, കമ്മന മൊയ്തീൻ, ദാമോദരൻ അഞ്ചുമൂലയിൽ, ജയരാജ് കുണ്ടയാട്ട് തുടങ്ങിയവർ സംസാരിച്ചു.