കോതമംഗലം മാതിരപ്പിള്ളി സ്വദേശി അൻസിൽ (38) മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് അൻസിലിൻ്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഭാരതീയ ന്യായ സംഹിതയിലെ 109ആം വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പെണ്‍ സുഹൃത്തിനെതിരെ ഗുരതര ആരോപണവുമായി അന്‍സിലിന്റെ ബന്ധുക്കൾ രംഗത്തെത്തി.. ഇരുവരും തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് വിവരം. നിന്റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്‍റെ ഉമ്മയോട് പറഞ്ഞതായാണ് അന്‍സിലിന്റെ സുഹൃത്ത് പറഞ്ഞത്. വിഷം കൊടുത്തതിന് ശേഷം യുവതി, അന്‍സിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും അന്‍സിലിന്റെ സുഹൃത്ത് പറയുന്നു. സംഭത്തില്‍ വ്യക്തത ലഭിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂര്‍ത്തിയാകണം. തനിക്ക് വിഷം നല്‍കി എന്ന് അന്‍സില്‍ പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അൻസിൽ മരിച്ചത്. പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അൻസിൽ മരിച്ച സാഹചര്യത്തിൽ യുവതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയേക്കും. പ്രതിയായ യുവതി നേരത്തെ ഒരു പീഡനക്കേസിലെ അതിജീവിതയായിരുന്നു. ഈ സാഹചര്യത്തിൽ അവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.