വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടർപട്ടിക സമ്മറി റിവിഷനിൽ പ്രവാസി മലയാളികൾക്കും പേര് ചേർക്കാൻ അവസരം. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോറം 4A യിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി:
പ്രവാസി വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താൻ, പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സെക്രട്ടറിമാരും, കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sec.kerala.gov.in സന്ദർശിച്ച് മൊബൈൽ നമ്പർ നൽകി സിറ്റിസൺ രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന് ‘Pravasi Addition’ എന്ന കോളം ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യാം. അപേക്ഷകന്റെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയ പേരും മറ്റ് വിവരങ്ങളും സഹിതം എല്ലാ കോളങ്ങളും പൂരിപ്പിക്കണം.
2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂർത്തിയായിരിക്കണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ ഇന്ത്യൻ പൗരനായിരിക്കണം അപേക്ഷകർ. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പ് രേഖപ്പെടുത്തി, നിലവിലുള്ള പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇ.ആർ.ഒക്ക് നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ സമർപ്പിക്കണം. വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ട പ്രവാസി വോട്ടർക്ക് പോളിങ് സ്റ്റേഷനിൽ പാസ്പോർട്ട് സഹിതം ഹാജരായി വോട്ട് രേഖപ്പെടുത്താവുന്നതാണ്.