സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ തടയിടാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപനങ്ങളുമായി മുന്നോട്ട്. ബസുകളുടെ അപകടകരമായ മത്സരയോട്ടം തടയുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ബസുകളുടെ സമയക്രമം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. നഗരങ്ങളിൽ ബസുകൾ തമ്മിലുള്ള സമയദൈർഘ്യം 5 മിനിറ്റായും ഗ്രാമപ്രദേശങ്ങളിൽ 10 മിനിറ്റായും നിശ്ചയിക്കാൻ സംഘടനാനേതാക്കളുമായി നടത്തിയ ചർച്ചയിൽ ധാരണയെത്തിയതായും അവർ അതിന് സമ്മതം മൂളിയതായും മന്ത്രി വ്യക്തമാക്കി.
എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് മത്സരയോട്ടം ഏറ്റവും കൂടുതലായി നടക്കുന്ന ഘട്ടം. ലഹരി ഉപയോഗിക്കുന്നവരും ക്രിമിനൽ കേസുകളിലുളളവരുമായവരെ ബസ് ജീവനക്കാരായി നിയമിക്കാൻ അനുവദിക്കരുതെന്നും, പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കണമെന്നും മന്ത്രി അറിയിച്ചു.
മത്സരയോട്ടത്തിന് പ്രധാന ഉത്തരവാദിത്വം ബസ് ഉടമമാരുടെതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കൂടുതൽ കളക്ഷൻ ലക്ഷ്യമിട്ട് ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. ഈ പ്രവണതയ്ക്ക് വിരാമമിട്ടു സുരക്ഷിത യാത്രയ്ക്കുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ നീക്കം.
സമയക്രമം ലംഘിച്ച് വാഹനം ഓടിക്കുന്നവർക്ക് പിഴ ഏർപ്പെടുത്തുമെന്നും, വാഹനങ്ങളുടെ ഗതിഗതികൾ നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കാസർഗോഡ് മുതൽ മറ്റു ജില്ലകളിലേക്കുള്ള മത്സരയോട്ടം തടയാൻ പോലീസിന്റെ സഹകരണം കൂടി ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.