ബാലുശ്ശേരി : സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ, സാമുദായിക നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ ഒരു സമൂഹത്തിൻ്റെ തകർച്ചക്ക് ഇടയാക്കുമെന്നത് വിസ്മരിക്കരുതെന്ന് ബാലുശ്ശേരിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിലാണ് ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം സംഘടിപ്പിച്ചത്.
വർഗീയ, വിദ്വേഷ പരാമർശങ്ങൾ ഒരു സമൂഹത്തിനും ഗുണകരമല്ല, ഇത്തരം പരാമർശങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമെന്നത് എല്ലാവർക്കും തിരിച്ചറിയാൻ സാധിക്കണം.മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ ഗൗരവമായ നീക്കങ്ങൾ നടത്തണം. പ്രഖ്യാപിത പദ്ധതികൾ കാലതാമസമില്ലാതെ നടപ്പിലാക്കുകയും, പരിഹാരമാകുന്നത് വരെ ദുരിതബാധിതരെ പുർണ്ണമായും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
വയനാട് പാക്കേജിനായി ലഭിച്ച ഫണ്ടിൽ നിന്നും ഇവർക്ക് സാമ്പത്തിക സഹായം തുടരാനും സർക്കാർ തയ്യാറാകണം.
സമൂഹത്തിൽ വ്യവസ്ഥാപിതമായി നില നിൽക്കുന്ന കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാം ജാഗ്രത പുലർത്തണം
ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രബോധന പ്രവർത്തനങ്ങളിലൂടെ മാത്രമേ ശരിയായ നവോത്ഥാനം സാദ്ധ്യമാകു എന്നതും മുജാഹിദ് ജില്ലാ പ്രതിനിധി സംഗമം ഓർമ്മപ്പെടുത്തി.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഫൈസൽ മൗലവി പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ജംഷീർ സ്വലാഹി, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ഷമീൽ, വിസ്ഡം ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ ഉനൈസ് സ്വലാഹി എന്നിവർ വിഷയാവതരണം നടത്തി. വിസ്ഡം ജില്ലാ ഭാരവാഹികളായ സി.പി സാജിദ് കെ.പി. പി ഖലീലു റഹ്മാൻ, ഒ റഫീഖ് മാസ്റ്റർ,നൗഫൽ അഴിയൂർ, വിസ്ഡം യൂത്ത് ജില്ലാ ഭാരവാഹികളായ ഷമീർ മൂടാടി, സി.പി സജീർ,ആശിക്ക് വടകര, വിസ്ഡം സ്റ്റുഡൻ്റ്സ് ഭാരവാഹികളായ മുനിസ് അൻസാരി, ഫാഇസ് പേരാമ്പ്ര, കെ ആദിൽ അമീൻ,വി.കെ ബാസിം നേതൃത്വം നൽകി.
വിസ്ഡം ജില്ലാ അസി. സെക്രട്ടറി കെ അബ്ദുൽ നാസർ മദനി സ്വാഗതവും വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി നന്ദിയും പറഞ്ഞു.