മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കയാക്കിങ്ങില്‍ സെമിഫൈനലിലേക്ക് തുഴഞ്ഞുകയറി 17കാരനായ മലയാളി താരം ആദം മാത്യു സിബി. പ്രൊഫഷണല്‍ എക്‌സ്ട്രീം സ്ലാലോം വിഭാഗത്തില്‍ സെമിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയാണ് ആദം. ഈ വര്‍ഷം തായ്ലന്‍ഡില്‍ നടന്ന ഏഷ്യന്‍ സ്ലാലോം കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 വിഭാഗം ടീം ഇവന്റിലെ സില്‍വര്‍ മെഡല്‍ ജേതാവ് കൂടിയാണ് എറണാകുളം അരക്കുന്നം സ്വദേശിയായ പന്ത്രണ്ടാം ക്ലാസുകാരന്‍. 2024ല്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത വിഭാഗത്തില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു.
പിതാവ് സിബിയും സുഹൃത്തുക്കളും എറണാകുളത്തെ ഫ്‌ളാറ്റ് വാട്ടറില്‍ കയാക്കിങ് ചെയ്യുന്നത് കണ്ടാണ് ഈ മേഖലയിലേക്ക് എത്തിയതെന്ന് ആദം പറയുന്നു. പിന്നീട് വൈറ്റ് വാട്ടറിലേക്കും കടക്കുകയായിരുന്നു. നാലുവര്‍ഷമായി വൈറ്റ് വാട്ടര്‍ ചെയ്യുന്നുണ്ട്. ആദ്യമൊക്കെ സാഹസികത നിറഞ്ഞ വൈറ്റ് വാട്ടര്‍ കയാക്കിങ് ചെയ്യുന്നതിന് ചെറിയ പേടിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കോടഞ്ചേരിയിലും ഋഷികേശിലുമൊക്കെയായി പരിശീലനം നടത്തി അത് മാറിയെന്നും ആദം പറയുന്നു. നിലവില്‍ കേരളത്തില്‍നിന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഏക താരമാണ്.
അമ്മ ജിന്‍സും സഹോദരി ദയയും അടങ്ങുന്നതാണ് കുടുംബം. സഹോദരിയും ഇപ്പോള്‍ ഫ്‌ളാറ്റ് വാട്ടര്‍ കയാക്കിങ് ചെയ്യുന്നുണ്ട്.