കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം ജയിലധികർക്ക് വലിയ മാനക്കേടാണ് സൃഷ്ടിച്ചത്. ജയിലിൽ വലിയ സുരക്ഷ വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിൽ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന ഉത്തരവ് ഇന്നലെ തന്നെ പുറത്തിറങ്ങിയിരുന്നു. ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തത് കണ്ണൂർ ടൗൺ സ്റ്റേഷനിലായിരുന്നു. അവിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റി.
വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. കനത്ത പൊലീസ് സുരക്ഷയിലാണ് വിയ്യൂരിലുള്ളത്. ഏകാന്ത സെല്ലിൽ ഗോവിന്ദച്ചാമിയെ തടവിലിടാനാണ് തീരുമാനം. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. സെല്ലിൽ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവർക്ക് പരസ്‌പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം സെല്ലിനുളിൽ എത്തിച്ച് നൽകും. ആഹാരം കഴിക്കാൻ പോലും പുറത്തിറക്കില്ല.
വലിയ സുരക്ഷാ സംവിധാനങ്ങളാണ് വിയ്യൂർ ജയിലിൽ ഉള്ളത്. ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിൽ. ഇതിനു മുകളിൽ പത്തടി ഉയരത്തിൽ വൈദ്യുത വേലി. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവ൪. ഇതിൽ 24 മണിക്കൂറം ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ടാകും.