വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവിനെ ലക്കിടിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയോടെയാണ് വാഹനപരിശോധനക്കിടെ ഇയാൾ വയനാട് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്‍റിൽ നിന്നും താഴേക്ക് ചാടിയത്. ഇയാളുടെ വാഹനത്തിൽ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസും ഫയർഫോഴ്സും ഡ്രോൺ ഉൾപ്പെടെ എത്തിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
രാവിലെയോടെയാണ് ലക്കിടി ഓറിയന്‍റൽ കോളജ് പരിസരത്ത് ഇയാളെ കണ്ടതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എത്തുകയും, ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഇയാളെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
90 ഗ്രാം എംഡിഎംഎ ആണ് ഇയാളുടെ വാഹനത്തില്‍ നിന്നു പോലീസ് പിടികൂടിയത്.ഗോവിന്ദചാമി ജയില്‍ ചാടിയതിന്‍റെ ഭാഗമായി പരിശോധന നടത്തവേയായിരുന്നു ഷഫീഖിനെ പൊലീസ് തടഞ്ഞതും ഇയാള്‍ കൊക്കയിലേക്ക് എടുത്തു ചാടിയതും.വിവിധ പോലീസ് സ്റ്റേഷനുകളിലായി ഷഫീഖിന്‍റെ പേരില്‍ ലഹരിക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.