കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾ യഥാസമയം ഭൂമി ഏറ്റെടുത്ത് നൽകാത്തത് മൂലം വലിയ കാലതാമസവും പ്രതിസന്ധികളും നേരിടുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഷാഫി പറമ്പിൽ എം പി, എം കെ രാഘവൻ എം പി എന്നിവർക്കു ലോക്സഭയിൽ റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിനായി റെയിൽവേയുടെ വിഹിതമായ 2112 കോടി രൂപ നൽകിയിട്ടും ആവശ്യമായ 476 ഹെക്റ്ററിൽ വെറും 73 ഹെക്ടർ മാത്രമാണ് ഏറ്റെടുത്ത് നൽകിയത്. ആവശ്യമായ ഭൂമിയുടെ 85 ശതമാനവും ഏറ്റെടുക്കാൻ ബാക്കിയിരിക്കുകയാണ്. സുപ്രധാനമായ അങ്കമാലി – ശബരിമല പാതക്കാവശ്യമായ 416 ഹെക്ടറിൽ കേവലം 24 ഹെക്ടർ ഭൂമി മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്. ഇതേപോലെ എറണാകുളം – തുറവൂർ, ഷോർണൂർ – വള്ളതോൾനഗർ, തിരുവനന്തപുരം – കന്യാകുമാരി തുടങ്ങിയ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കും ഭൂമി ലഭിക്കാത്തത് മൂലം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
6 പുതിയ പ്രോജക്ടുകളുടെ സർവ്വേ നടത്താൻ അനുമതി നൽകിയതായി മന്ത്രി അംഗങ്ങളെ അറിയിച്ചു. മംഗലാപുരം – ഷോർണൂർ – കോയമ്പത്തൂർ റൂട്ടിലെ 3, 4 വരി പാതകൾ (407 കി. മി) ക്കായുള്ള രണ്ട് പ്രോജക്ടുകളും, ഷോർണൂർ – എറണാകുളം – കായംകുളം – തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ (398 കി. മി) മൂന്നാം പാതക്കായുള്ള നാല് പ്രോജക്ടുകളും ആണ് ഇവ.
ഇതിനു പുറമേ 9415 കോടി രൂപ എസ്റ്റിമേറ്റ് ഉള്ള രണ്ട് പുതിയ ലൈനുകളും നാലു പാത ഇരട്ടിപ്പിക്കൽ ജോലികളും ഉൾപ്പെടുന്ന 266 കിലോമീറ്ററിന്റെ ആറ് പ്രോജക്ടുകൾ നടപ്പിലാക്കി വരികയാണ്. ഇതിൽ 3250 കോടി രൂപ ചെലവഴിച്ചു 26 കിലോമീറ്റർ പ്രവർത്തി പൂർത്തിയാക്കിയതായും മന്ത്രി അംഗങ്ങളെ അറിയിച്ചു